തൃശൂർ: വിവിധ ജില്ലകളിൽ ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളിലും നിരവധി മോഷണ കേസുകളിലും പ്രതികളായ യുവാക്കൾ പിടിയിൽ. വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടിൽ വീട്ടിൽ അനുരാഗ് (24), കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയിൽ പുത്തൻവീട്ടിൽ സാജു എന്ന സാജുദ്ദീൻ (31) എന്നിവരെയാണ് സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള സിറ്റി സാഗോക് ടീമും മെഡിക്കൽ കോളജ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഈമാസം 11ന് തൃശൂർ മെഡിക്കൽ കോളജ് പരിധിയിൽനിന്ന് സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അന്വേഷണത്തിൽ ചാവക്കാട് കട പൂട്ടി പോകുന്ന വ്യാപാരിയുടെ ബാഗ് പിടിച്ചുപറിച്ച കേസും ഒരു മാസം മുമ്പ് പുനലൂരിലും കൊല്ലത്തും സ്ത്രീകളുടെ മാല പൊട്ടിച്ച കേസും കൊല്ലത്തുനിന്ന് ബൈക്ക് മോഷണം നടത്തിയ കേസും തെളിഞ്ഞിട്ടുണ്ട്.
അനുരാഗിനെതിരെ വിവിധ ജില്ലകളിൽ മുപ്പതോളം മോഷണ കേസുണ്ട്. സാജുവിനെതിരെ തൃശൂർ, പാലക്കാട് ജില്ലകളിൽ മോഷണ കേസുണ്ട്. മോഷണ മുതൽ വിറ്റ് ആർഭാട ജീവിതം നയിക്കുന്നതാണ് രീതി. അന്വേഷണ സംഘത്തിൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ശരത് സോമൻ, പ്രദീപ്, അസി. സബ് ഇൻസ്പെക്ടർ ഷാജി വർഗീസ്, സിവിൽ പൊലീസ് ഓഫിസർ രമേഷ് ചന്ദ്രൻ എന്നിവരും സിറ്റി സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ കെ.എ. തോമസിന്റെ മേൽ നോട്ടത്തിൽ സാഗോക് ടീം അംഗങ്ങളായ എസ്.ഐ പി.എം. റാഫി, സീനിയർ സി.പി.ഒമാരായ പി.കെ. പഴനി സ്വാമി, കെ.ജി. പ്രദീപ്, സജി ചന്ദ്രൻ, സി.പി.ഒമാരായ സിംസൺ, അരുൺ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.