തൃശൂർ: ശിൽപങ്ങൾക്ക് കണ്ണീരൊഴുക്കാൻ കഴിവുണ്ടായിരുന്നെങ്കിൽ പട്ടിക്കാട് ആറാംകല്ലിൽ കണ്ണീർപ്പുഴ ഒഴുകിയേനെ. കോൺക്രീറ്റിൽ പണിത ശിൽപങ്ങളെ റോഡരികിൽ തനിച്ചിട്ട് കോവിഡ് ബാധിതനായി റോബിൻസൺ യാത്രയായിട്ട് മൂന്നുമാസം. ഇപ്പോൾ കാടുമൂടി മഴയിൽ കുതിർന്നിരിക്കുകയാണ് ശിൽപങ്ങൾ. റോബിൻസൺ പോയതോടെ സ്വന്തം നാടായ പാറശാലയിലേക്ക് പോകാനൊരുങ്ങുന്ന മകനെയും അലട്ടുന്നത് ഒന്നു മാത്രം- ഈ ശിൽപങ്ങൾ എന്ത് ചെയ്യും?
50 വർഷം മുമ്പ് തിരുവനന്തപുരം ജില്ലയിലെ പാറശാലയിലെ വീട്ടിൽനിന്ന് ഒളിച്ചോടിപ്പോന്നതാണ് റോബിൻസൺ. പിന്നീട് വിവിധ ജില്ലകളിൽ 40 വർഷത്തോളം മേസ്തിരിപ്പണിയായിരുന്നു. ഇതിനിടെ തൃശൂർ പട്ടിക്കാടിനടുത്ത് ആറാംകല്ലിൽ റോഡരികിൽ കൂര പണിത് താമസം തുടങ്ങി. അവിടെ ഇഷ്ടവിനോദമായി കോൺക്രീറ്റ് ശിൽപങ്ങൾ പണിതിടുകയും ചെയ്തു. ആ വഴി പോകുന്നവർ വണ്ടിനിർത്തി ശിൽപങ്ങൾ വാങ്ങുക പതിവായി. സ്വന്തം നാട്ടിലേക്ക് ഇടക്ക് തിരിച്ചുപോയിത്തുടങ്ങിയ റോബിൻസൺ അവിടെനിന്ന് വിവാഹം ചെയ്തു. പിന്നീട് ഭാര്യ ഫ്രീഡയെയുംകൂട്ടി ആറാംകല്ലിൽ താമസമാക്കി.
45ാം വയസ്സിലാണ് മേസ്തിരിപ്പണി മതിയാക്കി മുഴുസമയ ശിൽപിയായത്. ശിൽപ വൈദഗ്ധ്യം കണ്ട് ആവശ്യക്കാർ റോബിൻസണെ വിളിച്ച് ശിൽപ നിർമാണം ഏൽപിച്ചുതുടങ്ങി. ഇതിനിടെ റോഡ് വികസനത്തിന് സ്ഥലമെടുത്തുപോയപ്പോൾ തൊട്ടടുത്ത നാല് സെൻറ് വാങ്ങി ശിൽപങ്ങൾ അവിടേക്ക് മാറ്റി. 'അല്ലി ഗാർഡൻ' എന്ന പേരിൽ നഴ്സറി തുടങ്ങുകയും ചെയ്തു. 150 രൂപ മുതൽ 25,000 രൂപ വരെയുള്ള കോൺക്രീറ്റ് ശിൽപങ്ങൾ ഇവിടെയുണ്ട്. രാവുംപകലുമില്ലാതെ റോബിൻസൺ ശിൽപനിർമാണം നടത്തുന്നത് ദേശീയപാതയോരത്തെ കൗതുകക്കാഴ്ചയായിരുന്നു. ഇതിൽനിന്നുള്ള വരുമാനത്തിലാണ് മൂന്നു മക്കളടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.
രണ്ടു മക്കൾ വിവാഹം ചെയ്ത് മാറി. മകൻ ബാലുവായിരുന്നു കൂടെയുണ്ടായിരുന്നത്. മൂന്നു മാസം മുമ്പ് പാറശാലയിൽ പോയപ്പോഴാണ് 72ാം വയസ്സിൽ കോവിഡ് ബാധിതനായി റോബിൻസൺ മരിച്ചത്. പിതാവിെൻറ കൈയൊപ്പ് പതിഞ്ഞ ശിൽപങ്ങൾ ഇവിടെ കാടുകയറാൻ വിട്ടിട്ട് പാറശാലയിലേക്ക് പോകാൻ മനസ്സ് വരുന്നില്ലെന്ന് മകൻ ബാലു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.