മാള: പുഴയിലേക്ക് തുറന്നു കിടക്കുന്ന കൃഷ്ണൻകോട്ട കടവിലെ റോഡിൽ വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ സുരക്ഷ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യം. മാള-കൊടുങ്ങല്ലൂർ റോഡിൽ കൃഷ്ണൻകോട്ട പാലത്തിലേക്ക് തിരിയുന്ന വളവിൽ നിന്ന് കടവിലേയ്ക്ക് അവസാനിക്കുന്ന റോഡിന്റെ അറ്റത്ത് വാഹനങ്ങൾക്ക് പ്രവേശനം തടയുന്ന തൂണുകളോ മതിലോ ഇല്ല.
റോഡ് പുഴയിലേക്ക് തുറന്നു കിടക്കുകയാണ്. വഴി തെറ്റി നേരേ പോയാൽ അപകടമാണ്. വളവിൽനിന്ന് പഴയ റോഡ് ആരംഭിക്കുന്നിടത്തും മറ്റും സൂചന ബോർഡുമില്ല. ആവശ്യം ഉന്നയിച്ച് പൊതുപ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്ത് കലക്ടർക്കും പൊയ്യ പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി.
കൃഷ്ണൻകോട്ടയിൽനിന്ന് അക്കരെ ആനാപ്പുഴയിലേക്ക് പാലം വന്നതോടെ കടവ് റോഡ് ഉപയോഗമില്ലാതായി. പൊതുമരാമത്ത് മാള റോഡ് സെക്ഷന്റെ ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്ന റോഡാണിത്. പാലം സ്ഥാപിച്ചതോടെ മാള പൊതുമരാമത്ത് സെക്ഷന്റെ ആസ്തി റജിസ്റ്ററിൽ ഈ റോഡിന്റെ പര്യവസാനം പാലം വരെ എന്നായി മാറി.
150 മീറ്ററോളം വരുന്ന പൊതുമരാമത്ത് റോഡ് നാഥനില്ലാത്ത അവസ്ഥയായിട്ടുണ്ട്. പഴയ റോഡ് പൊതുമരാമത്തിന്റെ ആസ്തിയിൽ ഇല്ലെന്ന കാര്യം പൊയ്യ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.