തൃശൂർ: അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിക്കുന്ന യുവതിക്ക് ലൈഫ് മിഷൻ പദ്ധതി വഴി വീട് നിർമിക്കാൻ ആവശ്യമായ സാധന സാമഗ്രികൾ എത്തിക്കാൻ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തോടിന് മുകളിൽ സ്ലാബ് നിർമിച്ച് നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. ആറുമാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. വാടാനപ്പള്ളി ബീച്ചിൽ താമസിക്കുന്ന വടക്കൻ ഹൗസിൽ വി.എം. ശ്രീലക്ഷ്മിയുടെ വീട്ടിലേക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് ഉത്തരവ്. ശ്രീലക്ഷ്മിയുടെ പിതാവ് മരിച്ചപ്പോൾ വഴിയില്ലാത്തതിനാൽ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നില്ല. ഇവർ വർഷങ്ങളായി ഉപയോഗിച്ചിരുന്ന സ്വകാര്യ വഴി മതിൽകെട്ടി അടച്ചതോടെയാണ് ദുർഗതിയുണ്ടായത്.
വാടാനപ്പള്ളി പഞ്ചായത്ത് സെക്രട്ടറി കമീഷന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഷറഫുദ്ദീൻ എന്നയാളുടെ പറമ്പിലൂടെയാണ് പരാതിക്കാരി ഉൾപ്പെടെ എട്ട് കുടുംബങ്ങൾ നടന്നിരുന്നതെന്നും ഇവിടെ മതിൽ കെട്ടിയതോടെയാണ് വഴി ഇല്ലാതായതെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തമാൻ റോഡ് മുതൽ പരാതിക്കാരിയുടെ വീടിന്റെ മുന്നിലൂടെ ഒഴുകുന്ന തോടിന് മുകളിൽ സ്ലാബിട്ട് നടപ്പാത നിർമിക്കാൻ സൗകര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒക്ടോബർ ആറിന് പഞ്ചായത്ത് ഭരണസമിതി ആവശ്യം പരിഗണിച്ചിട്ടുണ്ട്. ഫണ്ട് ലഭിക്കുന്ന മുറക്ക് സ്ലാബിടാമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടയിൽ പരാതിക്കാരിക്ക് ലൈഫ് മിഷനിൽ വീട് അനുവദിച്ചു. എന്നാൽ, നിർമാണ സാമഗ്രികൾ എത്തിക്കാൻ മാർഗമില്ലാത്ത സാഹചര്യത്തിലാണ് വഴി സുഗമമാക്കാൻ കമീഷൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.