തൃശൂർ: കോവിഡ് വ്യാപന ആശങ്ക വർധിക്കുന്ന സാഹചര്യത്തിൽ കരുതൽ ഡോസ് വാക്സിൻ എടുക്കാനുള്ള പ്രവർത്തനം ഊർജിതമാക്കാൻ കലക്ടർ ഹരിത വി. കുമാറിന്റെ നിർദേശം. ജില്ലയിൽ കരുതൽ ഡോസ് എടുക്കേണ്ടവരിൽ 20 ശതമാനം പേർ മാത്രമേ എടുത്തിട്ടുള്ളൂവെന്നും വാക്സിനേഷൻ മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ജില്ല വികസന സമിതി യോഗത്തിൽ കലക്ടർ പറഞ്ഞു. ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്ന പ്രദേശങ്ങൾ, എ.സി മുറികൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും കലക്ടർ പറഞ്ഞു.
ഇ-ഹെൽത്തുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനത്തിന് തൃശൂർ ഗവ. മെഡിക്കൽ കോളജിനെ അഭിനന്ദിച്ചു. ആർദ്രം പദ്ധതിയിൽ കൊറോണക്കുമുമ്പ് നടപ്പാക്കിയതുപോലെ ഡോക്ടറുടെ സേവനം ലഭ്യമാകുന്നുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോർട്ട് ലഭ്യമാക്കണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ആവശ്യപ്പെട്ടു. ഉദ്ഘാടനം കഴിഞ്ഞ 62 സ്ഥാപനങ്ങളിൽ 13 എണ്ണത്തിലൊഴികെ മൂന്ന് ഡോക്ടർ വീതം ഉണ്ടെന്നും അവിടെയെല്ലാം ഉച്ചക്കുശേഷം ഒ.പിയും ആർദ്രം ചികിത്സ സൗകര്യങ്ങളും ഉണ്ടെന്നും ഡി.എം.ഒ അറിയിച്ചു. ഡോക്ടർമാർ ഇല്ലാത്ത 13 സ്ഥാപനങ്ങളിലേക്ക് ആർദ്രം പദ്ധതി പ്രകാരം ഡോക്ടർമാരെ നിയമിക്കാൻ ജില്ല വികസന സമിതി മുഖേന എല്ലാ പഞ്ചായത്തിലേക്കും കത്തയച്ചതായും ഡി.എം.ഒ അറിയിച്ചു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുമ്പോൾ ഒരുമനയൂർ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയും പ്രധാന കുടിവെള്ള സ്രോതസ്സായ കിണറും നഷ്ടമാകുന്നതിന് പകരം സംവിധാനം കണ്ടെത്തുന്നതുവരെ ഇവ പൊളിക്കരുതെന്ന് നിർദേശം നൽകി. ഓരോ മണ്ഡലത്തിലെയും നിർമാണപ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യാൻ ഏജൻസികളുടെ യോഗം എം.എൽ.എമാരുടെ നേതൃത്വത്തിൽ നടത്തണമെന്ന ആവശ്യവും ഉയർന്നു.
എം.എൽ.എമാരായ എൻ.കെ. അക്ബർ, കെ.കെ. രാമചന്ദ്രൻ, മുരളി പെരുനെല്ലി, മന്ത്രി കെ. രാജന്റെ പ്രതിനിധി ടി.ആർ. രാധാകൃഷ്ണൻ, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി കെ. അജിത് കുമാർ, തൃശൂർ സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകൻ, ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. ശ്രീലത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.