തൃശൂർ: പ്രതിപക്ഷം ബഷിഷ്കരണവും പ്രതിഷേധ സമരവും പ്രഖ്യാപിച്ചതോടെ ബുധനാഴ്ച വൈകീട്ട് 4.30ന് ചേരാനിരുന്ന കോർപറേഷൻ കൗൺസിലിന്റെ പ്രത്യേക യോഗം അവസാന നിമിഷം മാറ്റിവെച്ചു. കൗൺസിലിൽ ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് യോഗം മാറ്റിയതെന്ന് പ്രതിപക്ഷകക്ഷി നേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു.
യോഗം മാറ്റിവെച്ചെങ്കിലും പ്രതിപക്ഷ കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിന് പുറത്ത് അജണ്ട കത്തിച്ച് പ്രതിഷേധിച്ചു. ഭൂരിപക്ഷം നഷ്ടപ്പെട്ട മേയർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഒരുമാസമായി കോർപറേഷൻ കൗൺസിൽ യോഗം ചേർന്നിട്ടില്ല. ഇത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. മേയറും സംഘവും ദിവസങ്ങളിലായി റഷ്യൻ യാത്രയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് കൗൺസിലർമാർക്ക് പ്രത്യേക കൗൺസിൽ ചേരുന്നതിന്റെ അജണ്ട നൽകിയത്. പ്രതിപക്ഷം ബുധനാഴ്ച രാവിലെ പ്രതിഷേധവും ബഹിഷ്കരണവും പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കൗൺസിൽ ഹാളിൽ ചെന്നപ്പോൾ കൗൺസിൽ ഹാളിന്റെ മൂന്ന് വാതിലും പൂട്ടിയിരുന്നു. കൗൺസിൽ മാറ്റിവെച്ചത് കൗൺസിലർമാരെ രേഖാമൂലം അറിയിച്ചില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ കുറ്റപ്പെടുത്തി. ഇത് നിയമ വിരുദ്ധമാണ്. അറിയിപ്പ് കൈപ്പറ്റിയതായി കൗൺസിലർമാരുടെ ഒപ്പ് വാങ്ങേണ്ടതുണ്ട്.
കോൺഗ്രസിന് പുറമെ സി.പി.ഐ, ജനതാദൾ, കേരള കോൺഗ്രസ്-എം എന്നിവയുടെയും സ്വതന്ത്രരുമടക്കം 12 ഭരണപക്ഷ കൗൺസിലർമാരും ബഹിഷ്കരിക്കുമെന്ന് വ്യക്തമായതിനാലാണ് മേയറും സി.പി.എമ്മും കൗൺസിൽ ഹാൾ അടച്ചുപൂട്ടി രക്ഷപ്പെട്ടതെന്ന് രാജൻ പല്ലൻ ആരോപിച്ചു. പ്രകടനമായി എത്തിയ കോൺഗ്രസ് കൗൺസിലർമാർ സ്പെഷൽ അജണ്ട കത്തിച്ച് പ്രതിഷേധിച്ചു.
ബുധനാഴ്ച നിശ്ചയിച്ച കൗൺസിൽ യോഗത്തിൽ 65 കോടി രൂപയുടെ പദ്ധതികൾ ചർച്ചയില്ലാതെ പാസാക്കാൻ മേയറും സി.പി.എമ്മും ശ്രമിച്ചിരുന്നതായി പ്രതിഷേധം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രാധാന്യമില്ലാത്ത ഏഴ് അജണ്ടയാണ് സ്പെഷൽ കൗൺസിൽ ചർച്ചയില്ലാതെ പാസാക്കാൻ ശ്രമിച്ചത്.
അത് പരാജയപ്പെടുത്തിയ ഭരണപക്ഷ കൗൺസിലർമാരെ അഭിനന്ദിക്കുകയാണെന്നും രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അഴിമതിക്കെതിരെ പ്രതികരിക്കാൻ തയാറായത് സ്വാഗതാർഹമാണെന്ന് രാജൻ ജെ. പല്ലൻ പറഞ്ഞു.
ഉപനേതാവ് ഇ.വി. സുനിൽരാജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാന്മാരായ ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറമ്പിൽ, ശ്യാമള മുരളീധരൻ, കൗൺസിലർമാരായ സിന്ധു ആന്റോ, അഡ്വ. വില്ലി എന്നിവർ സംസാരിച്ചു. ലാലി ജെയിംസ്, എൻ.എ. ഗോപകുമാർ, കെ. രാമനാഥൻ, എബി വർഗീസ്, വിനേഷ് തയ്യിൽ, സുനിത വിനു, റെജി ജോയി, നിമ്മി റപ്പായി, രെന്യ ബൈജു, മേഴ്സി അജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.