ആമ്പല്ലൂര്‍ (തൃശൂർ): പാലിയേക്കര ടോളില്‍ തദ്ദേശീയര്‍ക്ക് അനുവദിച്ച സൗജന്യ പാസ് വിഷയത്തില്‍ ജനുവരി ഒന്നിന് മുമ്പ് സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ നിലവിൽ ലഭിക്കുന്ന സൗജന്യം നഷ്ടപ്പെട്ടേക്കും. ഒന്നുമുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗ് നിര്‍ബന്ധമാക്കുകയാണ്. അതോടെ സൗജന്യ പാസ് നിര്‍ത്തലാകുകയും പ്ലാസയിലെ ബൂത്തുകളില്‍ ഫാസ് ടാഗ് ഇല്ലാതെ എത്തുന്ന വാഹനങ്ങളില്‍നിന്ന് ഇരട്ടി തുക നിയമാനുസരണം ഈടാക്കാന്‍ ടോള്‍ കമ്പനിക്ക് സാധിക്കുകയും ചെയ്യും.
വിഷയത്തില്‍ അടിയന്തര തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് ചൂണ്ടികാണിച്ച് മന്ത്രി ജി. സുധാകരനും സ്ഥലം എം.എല്‍.എയും മന്ത്രിയുമായ സി. രവീന്ദ്രനാഥ്, ചീഫ് വിപ്പും ഒല്ലൂര്‍ എം.എല്‍.എയുമായ കെ. രാജന് എന്നിവര്‍ക്ക് കത്ത് നല്‍കിയതായി ജില്ല പഞ്ചായത്ത് അംഗം. ജോസഫ് ടാജറ്റ് പറഞ്ഞു. വിഷയത്തില്‍ സി.പി.എം, സി.പി.ഐ, ബി.ജെ.പി എന്നീ പാർട്ടികൾ പ്രതികരിക്കണമെന്നും പ്രശ്ന പരിഹാരത്തിന് ഒറ്റകെട്ടായി രംഗത്തുണ്ടാകണമെന്നും ജില്ല നേതൃത്വങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഫാസ് ടാഗ് സംവിധാനം സര്‍ക്കാര്‍ നല്‍കുകയും മാസം കരാര്‍ കമ്പനിക്ക് പാസ് ഒന്നിന് നല്‍കിവരുന്ന 150 രൂപ ഫാസ് ടാഗിന് നല്‍കുകയും ചെയ്തില്ലെങ്കില്‍ തദ്ദേശീയര്‍ക്ക് ലഭിക്കുന്ന സൗജന്യം കരാര്‍ കമ്പനി നിഷേധിക്കുമെന്ന് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.