വേലൂർ: കുടിവെള്ള പദ്ധതിയുടെ മോട്ടോർ കേടായതോടെ പ്രശ്നം പരിഹരിക്കാൻ ആഭരണം പണയം വെച്ച് പഞ്ചായത്തംഗം. വേലൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡ് അംഗം ബിന്ദു ശർമയാണ് തലക്കോട്ടുകര പയനിപ്പാടം കുടിവെള്ള പദ്ധതിക്കായി 23,000 രൂപക്ക് വേണ്ടി ആഭരണം പണയം വെച്ചത്. 2014ൽ സ്ഥാപിതമായ കുടിവെള്ള പദ്ധതിയിൽ വേലൂർ പഞ്ചായത്തിലെ 10, 14, 15, 16 വാർഡുകളിലായി മുന്നൂറോളം ഗുണഭോക്താക്കളുണ്ട്. കാര്യക്ഷമമായി ഗുണഭോക്തൃ സമിതി രൂപവത്കരിക്കാത്തതിനാൽ ചില വ്യക്തികളാണ് പദ്ധതി നടത്തിയിരുന്നത്. മാസങ്ങൾക്ക് മുമ്പ് മോട്ടോർ കേടായപ്പോൾ പരിഹരിക്കാൻ ഇവർ തയാറായില്ല. പദ്ധതിയിൽ സ്ഥാപിച്ച മൊബൈൽ നിയന്ത്രിത ഓൺ, ഓഫ് സംവിധാനങ്ങളും കാണാതായ നിലയിലായിരുന്നു. സ്റ്റാർട്ടിങ് സംവിധാനത്തിനും കേടുണ്ടായിരുന്നു. ജനങ്ങൾക്ക് കുടിവെള്ളം മുട്ടിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി പ്രശ്നത്തിലിടപെടുകയും മറ്റൊരു വാർഡിൽ നന്നാക്കിവെച്ചിരുന്ന 10 എച്ച്.പിയുടെ മോട്ടോർ തൽക്കാലം അനുവദിക്കുകയും ചെയ്തു. എന്നാൽ മോട്ടോർ കുഴൽക്കിണറിൽ സ്ഥാപിക്കാനും കേടായ അനുബന്ധ സമഗ്രികൾ വാങ്ങാനും പണമില്ലാതെ വന്നപ്പോഴാണ് ബിന്ദു ശർമ ആഭരണം പണയം വെച്ച് പണം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.