മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് മൂലം മണിക്കൂറുകളോളം വരി നിന്ന രോഗിയായ സ്ത്രീ തലചുറ്റി വീണു. ഗൈനക്കോളജി വിഭാഗത്തിൽ വരിനിന്ന് ചികിത്സ കിട്ടാതെ വലഞ്ഞ സ്ത്രീയാണ് തലചുറ്റി വീണത്. വാർഡുകളിൽ രോഗികളുടെ രക്തസാമ്പിൾ പരിശോധന മുടങ്ങുന്നുണ്ട്.
ഹൗസ് സർജൻമാരാണ് ഇതുവരെ രക്തസാമ്പിളുകൾ എടുത്തിരുന്നത്. ഇതിനായി ടെക്നീഷ്യൻമാരെ നിയമിക്കണമെന്നാണ് ഹൗസ് സർജൻമാരുടെ ആവശ്യം. രക്തമെടുക്കൽ ഞങ്ങളുടെ ജോലിയിൽ പെടില്ലെന്ന നിലപാട് നഴ്സുമാരും സ്വീകരിച്ചതോടെ രോഗികൾ ദുരിതത്തിലായി. ലാബുകളിൽനിന്നും സ്കാനിങ് കേന്ദ്രത്തിൽനിന്നും പരിശോധനാ ഫലം കൃത്യസമയത്ത് കിട്ടുന്നില്ല. ഇത് തുടർ ചികിത്സ അവതാളത്തിലാക്കിയിട്ടുണ്ട്. രോഗം പൂർണമായി സുഖപ്പെടുന്നതിന് മുമ്പ് വാർഡുകളിൽ നിന്നു രോഗികളെ ഡിസ്ചാർജ് ചെയ്യുകയാണ്. ശസ്ത്രക്രിയകളെയും സമരം സാരമായി ബാധിച്ചു.
തൃശൂർ: ഡോക്ടർമാരുടെ സമരങ്ങളും തുടർസമരങ്ങളും മൂലം മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് പ്രവർത്തനം അവതാളത്തിലായി. സമര പരമ്പരയിൽ നൂറുകണക്കിന് രോഗികൾ ചികിത്സ കിട്ടാതെ വലഞ്ഞു. ശസ്ത്രക്രിയ തിയറ്റർ, ഐ.സി.യു, വാർഡ് അടക്കം വിവിധ വിഭാഗങ്ങളിലെ പ്രവർത്തനത്തെ സമരം സാരമായി ബാധിച്ചു. തിങ്കളാഴ്ച പി.ജി ഡോക്ടർമാർ, ഹൗസ് സർജന്മാർ, അസി. പ്രഫസർമാർ എന്നിവർ നടത്തിയസമരം മൂലമാണ് രോഗികൾ ബുദ്ധിമുട്ടിയത്. പി.ജി ഡോക്ടർമാരുടെ സമരത്തെ തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ചട്ടപ്പടി ചികിത്സ മാത്രമാണ് നടന്നിരുന്നത്. പി.ജി ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൗസ് സർജന്മാരും തിങ്കളാഴ്ച സമരം നടത്തിയതോടെ പല വിഭാഗങ്ങളിലും പ്രവർത്തനം തകരാറിലായി.
ജോലിഭാരം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൗസ് സർജന്മാർ സമരം നടത്തിയത്. പി.ജി ഡോക്ടർമാരുടെ സമരത്തെ തുടർന്ന് ഒ.പികളിൽ മുതിർന്ന ഡോക്ടർമാർക്ക് സഹായവുമായി എത്തിയിരുന്നത് ഹൗസ് സർജന്മാരായിരുന്നു. ഇവർ കൂടി തിങ്കളാഴ്ച 24 മണിക്കൂർ നേരം പണിമുടക്കിയതോടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ നൂറുക്കണക്കിന് പേരാണ് വട്ടം കറങ്ങിയത്.
അതിനിടെയാണ് ആലപ്പുഴയിൽ വനിത ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചും മെഡിക്കൽ കോളജിൽ പി.ജി ഡോക്ടർമാരുടെ സമരത്തെ തുടർന്ന് അധികമുള്ള ജോലികൾ അസി. പ്രഫസർമാർ മാത്രം ചെയ്താൽ മതിയെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും കെ.ജി.പി.ടി.എം.ടി.എ തിങ്കളാഴ്ച മൂന്നുമണിക്കൂർ ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചത്. രാവിലെ എട്ടുമുതൽ 11 വരെയാണ് ഇവർ പ്രതിഷേധത്തിെൻറ ഭാഗമായി ഒ.പി ബഹിഷ്കരിച്ചത്. ശമ്പളാനുകൂല്യങ്ങൾ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്നതും ഇവരുടെ ആവശ്യമാണ്.
വിവിധ വിഭാഗങ്ങളിലായി 400ലധികം പി.ജി ഡോക്ടർമാരാണ് സമരം തുടരുന്നത്. ഈ വിഭാഗത്തിൽ ഏതാണ്ട് 80 ശതമാനത്തിൽ അധികം ഡോക്ടർമാരും സമരത്തിലാണ്. അവധിക്ക് പിന്നാലെ എത്തുന്ന തിങ്കളാഴ്ചകളിൽ 2000ലേറെ പേർ ഒ.പിയിൽ ചികിത്സ തേടി എത്താറുണ്ട്. ഒ.പി ബഹിഷ്കരണ സമരം സംബന്ധിച്ച വാർത്ത നേരത്തേ വന്നിരുന്നതിനാൽ അൽപം കുറഞ്ഞുവെങ്കിലും ഇതൊന്നും അറിയാതെ നൂറുക്കണക്കിന് പേരാണ് എത്തിയത്.
അതേസമയം, ആലപ്പുഴ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലുള്ള വനിത ഹൗസ് സർജനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ച നടപടിയിൽ കെ.ജി.എം.സി.ടി.എ പ്രതിഷേധിച്ചു. പ്രതി ഒരുമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനാണെന്നുള്ളതും അക്രമം ഒരു വനിത ഡോക്ടർക്കെതിരെയാണെന്നുള്ളതും അതി ഗൗരവകരവും ദുഃഖകരവുമാണെന്നും കുറ്റവാളിക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നും കെ.ജി.എം.സി.ടി.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.