അതിരപ്പിള്ളി: വനമേഖലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് പെരിങ്ങൽകുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച ഉച്ചയോടെ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഓരോ അടി വീതമാണ് തുറന്നത്.
ഈ സീസണിൽ ആദ്യമായാണ് പെരിങ്ങൽക്കുത്ത് തുറന്നത്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 424 മീറ്റർ ആണ്. രാവിലെ ജലനിരപ്പ് 423 മീറ്ററിൽ എത്തിയതോടെ വെള്ളം തുറന്നുവിടാൻ തീരുമാനമെടുത്തിരുന്നു. ചാലക്കുടിപ്പുഴയിൽ ആശങ്കാജനകമായ സാഹചര്യം ഇല്ല.
ജില്ലയിൽ യെല്ലോ അലർട്ട് രണ്ടുദിവസത്തേക്ക് നിലനിൽക്കുന്നുണ്ട്. കുറച്ചു ദിവസമായി, വനമേഖലയിൽ കനത്ത മഴ പെയ്തിരുന്നു. അതിരപ്പിള്ളിയിൽ കഴിഞ്ഞ ദിവസം 115 എം.എം മഴ പെയ്തിരുന്നു.
ചാലക്കുടിയിലും കനത്ത മഴയുണ്ട്. ഇവിടെ 106.08 എം.എം മഴ പെയ്തു. സമീപ പഞ്ചായത്തുകളിലും ഭേദപ്പെട്ട രീതിയിൽ മഴയുണ്ട്. പരിയാരം -92 എം.എം, മേലൂർ -75 എം.എം, കാടുകുറ്റി -74.4 എം.എം. എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസം പെയ്ത മഴയുടെ അളവ്.
ഇതിനെ തുടർന്ന് ചാലക്കുടിപ്പുഴയിലെ ജലനിരപ്പിലും ഒഴുക്കിലും ചെറിയ ഉയർച്ചയുണ്ടായി. നിലവിൽ ആറങ്ങാലിയിൽ പുഴയിലെ ജലനിരപ്പ് ഏകദേശം 3.2 മീറ്റർ ആണ്. ഇത് അപകടനിരപ്പല്ലാത്തതിനാൽ ആശങ്കയില്ല. തൽക്കാലം പെരിങ്ങൽക്കുത്തിലെ അധികജലം ഒഴിവാക്കിയെന്ന് മാത്രം. പക്ഷേ പെരിങ്ങൽക്കുത്തിന് മുകളിൽ ഉള്ള അണക്കെട്ടുകളിൽ ജലനിരപ്പ് വളരെ കുറവാണ്. അതിനാൽ വെള്ളം കൂടുതലായി തുറന്നുവിടാനുള്ള സാഹചര്യം തൽക്കാലം ഇല്ല.
മുകളിലെ 2663 മീറ്റർ സംഭരണ ശേഷിയുള്ള കേരള ഷോളയാറിൽ വെള്ളം വളരെ കുറവാണ്. അവിടെ ഇപ്പോൾ 2586.4 മീറ്ററായിട്ടേയുള്ളൂ. ഷോളയാറിലും പെരിങ്ങൽക്കുത്തിലും കഴിഞ്ഞ ദിവസം കനത്ത മഴയുണ്ടായിരുന്നു. യഥാക്രമം 152 എം.എം, 19.4 എം.എം എന്നിങ്ങനെയായിരുന്നു അളവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.