സ​ജി​ത്ത്കു​മാ​ർ, അ​ക്ഷ​ര, ഉ​ദ്ദ​വ്, ഇ​ന്ദ്ര​ജി​ത്ത്

പ്ലാസ്മോണിക് ഗവേഷണത്തിന് നവീന ഉപകരണം; ചരിത്രമെഴുതി വിദ്യാർഥികൾ

തൃശൂർ: പ്ലാസ്മോണിക് ഗവേഷണത്തിന് നവീന ഉപകരണം നിർമിച്ച് ചരിത്രമെഴുതി തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർഥികൾ. ലോഹങ്ങളിലെയും നാനോ കണങ്ങളിലെയും സ്വതന്ത്ര ഇലക്ട്രോണുകളുടെ ദോലനത്തെ (ഓസിലേഷൻ) കുറിച്ചുള്ള അന്വേഷണമാണ് പ്ലാസ്മോണുകളുടെ സ്വഭാവ പഠനമായ പ്ലാസ്മോണിക്‌സ്.

ഇലക്ട്രോണിക്സ് പോലെത്തന്നെ വികസിച്ചുവരുന്ന നാനോ ഫോട്ടോണിക്സിന്റെ ഭാഗമാണിത്. ബയോസെൻസറുകൾ, ഗ്യാസ് സെൻസറുകൾ, സോളാർ പാനലുകൾ, ഹൈസ്പീഡ് ഡാറ്റ ട്രാൻസ്മിഷൻ എന്നിവക്കായി പ്ലാസ്മോൺ അധിഷ്ഠിത ഉപകരണങ്ങൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച ഉ​പ​ക​ര​ണം

ഇത്തരം സെൻസറുകളിൽ ഉപയോഗിക്കാവുന്ന പദാർഥങ്ങളുടെ സ്വഭാവത്തെപ്പറ്റി പഠിക്കാനുള്ള സ്വയം പ്രവർത്തിക്കുന്ന ഉപകരണമാണ് തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്സ് ട്രേഡ് ഇൻസ്ട്രക്ടർ എം. സജിത്ത്കുമാർ, ഇലക്ട്രോണിക്സ് ബി.ടെക് പൂർത്തിയാക്കിയ വിദ്യാർഥികളായ അക്ഷര സൂസൻ ഷാജു, പി.എം. ഉദ്ദവ്, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന ആർ. ഇന്ദ്രജിത് എന്നിവർ ചേർന്ന് യാഥാർഥ്യമാക്കിയത്.

കേന്ദ്രസർക്കാറിന് കീഴിൽ തൃശൂർ അത്താണിയിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്‌നോളജി (സീ-മെറ്റ്) എന്ന സ്ഥാപനത്തിനായാണ് ഒരു വർഷത്തെ അശ്രാന്ത പരിശ്രമ ഫലമായി ഉപകരണം നിർമിച്ചത്. സീ മെറ്റിന്റെ ഗവേഷണ ആവശ്യം മനസ്സിലാക്കി പ്ലാസ്മോണിക് വിഭാഗം മേധാവി ഡോ. എസ്.എൻ. പോറ്റിയുടെ നിർദേശമനുസരിച്ചാണ് ഇത് നിർമിച്ചതെന്ന് എം. സജിത്ത്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.

ഗവേഷണത്തിലൂടെ വികസിപ്പിക്കുന്ന പദാർഥങ്ങൾ യഥാർഥ പ്ലാസ്മോണിക് ഗുണങ്ങൾ ഉള്ളതാണോ എന്ന് മനസ്സിലാക്കുകയാണ് ഉപകരണത്തിന്റെ ലക്ഷ്യം. അത് കണ്ടെത്തിയാൽ മറ്റ് സാങ്കേതിക വിദ്യകൾ കൂടി ചേർത്ത് സെൻസറുകൾ ഉണ്ടാക്കാനാകം.

നിശ്ചിത തരംഗ ദൈർഘ്യത്തിലുള്ള പ്രകാശം പ്രത്യേക കോണിൽ പ്ലാസ്മോണിക്‌ പദാർഥം പൂശിയ പ്രിസത്തിൽ പതിക്കുമ്പോഴാണ് പ്ലാസ്മോണിക്‌ റസണൻസ്‌ എന്ന പ്രതിഭാസം പ്രതലത്തിൽ ഉണ്ടാകുന്നത്. അപ്പോൾ പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ തീവ്രതയിൽ കുറവ് പ്രകടമാകും.

ഇത് ഗ്രാഫിൽ അടയാളപ്പെടുത്തുന്നു. ഉപകരണത്തിൽ സാമ്പിൾ വെച്ച് സ്റ്റാർട്ട് ബട്ടൺ അമർത്തിയാൽ ഫലം ഗ്രാഫിൽ തെളിയും. നേരത്തെ മനുഷ്യാധ്വാനം ആവശ്യമുള്ള പ്രക്രിയയിൽ ഇപ്പോൾ ഈ പ്രവർത്തനമേ ആവശ്യമുള്ളൂവെന്നതാണ് ഉപകരണത്തിന്റെ സാധ്യത.

Tags:    
News Summary - plasmonic research-Students of thrissur government college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.