തൃശൂർ: വിമാനം പറക്കുന്നത് കാണുമ്പോൾ കുട്ടിക്കാലത്ത് മാത്രമല്ല, ഇപ്പോഴും കൗതുകമാണ്. ആ കൗതുകം കൊണ്ട് വിമാനം നിർമിക്കാനിറങ്ങിയ പൊലീസുകാരനുണ്ട് തൃശൂരിൽ. വിമാനം നിർമിക്കുക മാത്രമല്ല, അത് പറപ്പിക്കുകയും ചെയ്ത പൊലീസിലെ താരങ്ങളിലൊരാളാണ് നെടുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പ്രശാന്ത്.
പഠനകാലം പിന്നിട്ട് പൊലീസിൽ പ്രവേശിച്ചെങ്കിലും ഉള്ളിലെ വിമാനകൗതുകം മനസ്സിൽ കിടന്നു. പിന്നീട് 2016ലാണ് വീണ്ടും ഉണർന്നത്. കട്ടിയുള്ള പേപ്പറിൽ വിമാനം വരച്ചെടുത്ത് വെട്ടിയെടുത്ത് ഇല്ലസ്ട്രേഷൻ ഉണ്ടാക്കിയപ്പോഴാണ് കണ്ടുനിന്നൊരാൾ ഇത് പറക്കുമോയെന്ന് ചോദിച്ചത്.
ചിരിയോടെ ഇല്ലെന്ന് മറുപടി കൊടുത്തെങ്കിലും ചോദ്യം മനസ്സിലുടക്കി. എന്തുകൊണ്ട് പറപ്പിക്കാനാവില്ല. ഇവിടെനിന്നാണ് ഇതിെൻറ സാധ്യതകളെക്കുറിച്ച് തിരഞ്ഞത്. ഗൂഗ്ളിലും യൂട്യൂബിലും അന്വേഷണം തുടങ്ങി. ഫോംബോർഡിൽ വിമാനത്തിെൻറ ഘടന തയാറാക്കിയെടുത്തു. മോട്ടോർ ഘടിപ്പിച്ച് പറപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ട് കിലോയിലധികം ഭാരം വന്നപ്പോൾ താങ്ങുന്നില്ല. അതിനുശേഷം മറ്റൊരു ശ്രമത്തിലേക്ക് കടന്നു. ഒല്ലൂരിന് സമീപം പുത്തൂരിലെ വീടിന് സമീപത്തെ പാടത്തെത്തിയായിരുന്നു ഉണ്ടാക്കിയെടുത്ത വിമാനത്തിെൻറ ഓരോ പരീക്ഷണ പറത്തലുകളും. പരീക്ഷണങ്ങളെല്ലാം പരാജയങ്ങളായി. പക്ഷേ, ഓരോ തോൽവിയും തളർച്ചക്ക് പകരം പുതിയ കുതിപ്പിനുള്ള ആവേശം സമ്മാനിച്ചു.
വെബ്സൈറ്റുകളിലും യൂട്യൂബിലും വിവരങ്ങൾ തേടി. ഇത്തരം അഭിരുചിയുള്ളവരുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ അംഗമായി ഇവരിൽനിന്നുള്ള മാർഗനിർദേശങ്ങൾ തേടി.
അങ്ങനെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന വിമാനം പ്രശാന്ത് സാധ്യമാക്കി. കിലോമീറ്ററോളം സഞ്ചരിക്കാൻ കഴിയുന്ന വിധത്തിലുള്ള വിമാനങ്ങളുടെ മിനിയേച്ചർ പ്രശാന്ത് ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
ഭൂമിയിൽ വെച്ച് നിയന്ത്രിക്കുന്ന വിധത്തിൽ ആകാശത്ത് പറക്കുന്ന അഞ്ചിലധികം വിമാനങ്ങൾ വീട്ടിലുണ്ട്. ഫ്ലൈറ്റുകളും ഹെലികോപ്ടറുകളും കപ്പലുകളുമെല്ലാം പ്രശാന്ത് നിർമിച്ചിട്ടുണ്ട്.
പുത്തൂർ ഇരട്ടിയാനിക്കൽ സോമെൻറയും പത്മിനിയുടെയും മകനാണ്. ഭാര്യ: ഗീതു. ഏഴുവയസ്സുകാരൻ കാർത്തിക് മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.