തൃശൂർ: മുതിർന്ന കോളജ് അധ്യാപികക്ക് ലഭിക്കേണ്ട അനുയോജ്യ വകുപ്പ് തന്നെ. പക്ഷേ കഴിഞ്ഞ തവണ കോളിളക്കം സൃഷ്ടിച്ച വകുപ്പിെൻറ ചുമതലക്കാരിയാവുകയാണ് പ്രഫ. ആർ. ബിന്ദു. ആദ്യ അവസരത്തിൽ എം.എൽ.എക്കൊപ്പം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാവുകയാണ് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുടെ പത്നിയായ അവർ. ബന്ധു നിയമനത്തിൽ ലോകായുക്ത ചെവിക്കുപിടിച്ച് മന്ത്രിയുടെ രാജിയുൾെപ്പടെ വിവാദം ഉണ്ടായ വകുപ്പിലേക്കാണ് ജില്ലയിൽ നിന്നുള്ള ആദ്യ വനിത മന്ത്രി എത്തുന്നത്.
നേരത്തെ തൃശൂരിെൻറ പ്രഥമ വനിത മേയർ ആയി അഞ്ച് വർഷം ബിന്ദു പ്രവർത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ-ഭരണരംഗത്തെ പതിറ്റാണ്ടുകളുടെ പരിചയസമ്പത്ത് അവർക്ക് അനുഗുണമാണ്. കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭയുടെ തുടക്കത്തിൽ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് തന്നെ ആയിരുന്നു പൊതുവിദ്യാഭ്യാസത്തോടൊപ്പം ഉന്നത വിദ്യാഭ്യാസവും കൈകാര്യം ചെയ്തിരുന്നത്. പിന്നീട് ഇതിൽ ഉന്നത വിദ്യാഭ്യാസം കെ.ടി. ജലീലിന് നൽകുകയായിരുന്നു. എന്നാൽ, മന്ത്രിസഭയുടെ അവസാന കാലഘട്ടത്തിൽ ബന്ധുനിയമന വിവാദത്തെ തുടർന്ന് അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു.
ശ്രീകേരള വർമ കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായ ബിന്ദു തെരഞ്ഞെടുപ്പിന് മുമ്പാണ് സ്വയം വിരമിച്ചത്. അതുകൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളെ കുറിച്ച് ക്യത്യമായ അറിവ് ഇവർക്കുണ്ട്. അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ അറിയുന്നതിനാൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്താനാവും. സാംസ്കാരിക നഗരിയെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആക്കുന്നത് അടക്കം വിവിധ പ്രതീക്ഷകൾ ഏറെയാണ്. അതിനിടെ, നേരത്തെ സർവിസിൽ വൈസ് പ്രിൻസിപ്പൽ ആയിരിക്കേ ഇവർക്കെതിരെ വിവാദം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.