ആമ്പല്ലൂർ: മണലി പുഴയിലെ പുലക്കാട്ടുകര ഷട്ടർ ഇറിഗേഷൻ വകുപ്പ് അധികൃതർ തുറന്ന് വെള്ളമൊഴുക്കിയതിനെ തുടർന്ന് തൃക്കൂർ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി പമ്പിങ് നിലച്ചു. കുടിവെള്ള വിതരണം മുടങ്ങാൻ കാരണമായ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇറിഗേഷൻ ഓഫിസ് ഉപരോധിച്ചു.
തൃക്കൂരിലെ അയ്യായിരത്തോളം കുടുംബങ്ങളെ കുടിവെള്ളക്ഷാമത്തിലേക്ക് തള്ളിവിട്ടാണ് പുലക്കാട്ടുകര ഷട്ടര്‍ തുറന്നത്. വിവരമറിഞ്ഞ് പഞ്ചായത്ത് അധികാരികള്‍ അന്വേഷിച്ചപ്പോൾ മണലിപ്പുഴയിലെ കൈനൂര്‍, പുത്തൂര്‍, പുലക്കാട്ടുകര ഷട്ടറുകളും തുറന്നിട്ടുണ്ടെന്നും ഉച്ചയോടെ പുഴയില്‍ വെള്ളം എത്തുമെന്നുമാണ് മറുപടി ലഭിച്ചത്.
എന്നാല്‍ ഉച്ചയായിട്ടും പുഴയില്‍ വെള്ളം എത്തിയില്ല. നിലവില്‍ ഉണ്ടായിരുന്ന വെള്ളം തുറന്ന് വിട്ട് ഷട്ടര്‍ ഇടുകയും ചെയ്തു. വേനലിൽ നിശ്ചിത അളവ് വെള്ളം നിലനിര്‍ത്തി മാത്രമേ ഷട്ടര്‍ തുറക്കാവൂവെന്ന വ്യവസ്ഥ പാലിക്കാതെ മുഴുവൻ വെള്ളവും ഒഴുക്കിയതോടെയാണ് തൃക്കൂര് പഞ്ചായത്തിലെ പ്രധാന കുടിവെള്ളപദ്ധതിയായ അയ്യപ്പന്കുന്നിന്റെ പമ്പിങ് നിര്‍ത്തി വെക്കേണ്ടിവന്നത്.
അതേസമയം പുത്തൂര്‍ പഞ്ചായത്തില്‍ പുഴയ്ക്കു കുറുകെ അനധികൃതമായി തടയണ കെട്ടിയിട്ടുണ്ടെന്നും കൈനൂര്‍ പഞ്ചായത്തില്‍ ഷട്ടര്‍ തുറന്നിട്ടില്ലെന്നും ധാരാളം ജലം തടഞ്ഞുനിര്‍ത്തിയിട്ടുണ്ടെന്നും തൃക്കൂര് പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന് പറഞ്ഞു.
എത്രയും വേഗം പുഴയില്‍ വെള്ളമെത്തിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് തൃക്കൂര് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജില്ല കലക്ടറെ നേരില്‍ കണ്ട് പരാതിപ്പെട്ടു. ഇറിഗേഷന്‍ ഉദ്യോസ്ഥരുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണങ്ങൾ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് തൃശൂര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചത്. മൂന്ന് ദിവസത്തിനകം പുഴയില്‍ വെള്ളം എത്തിച്ച് പ്രശ്നം പരിഹരിക്കാം എന്ന എക്സിക്യൂട്ടീവ് എൻജിനീയറുടെ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.