വെള്ളിക്കുളങ്ങര: ചൊക്കനയില്‍ വീടിന് പിന്നിൽ കാട്ടാന നില്ക്കുന്നതുകണ്ട് മോഹാലസ്യപ്പെട്ടുവീണ് മരിച്ച യുവതിയുടെ കുടുംബത്തിന് വനംവകുപ്പ് സഹായം നല്‍കിയില്ല. മരിച്ച യുവതിയുടെ ഭര്‍ത്താവ് സഹായത്തിനായി ഒരുവര്‍ഷത്തോളം സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. കാട്ടാനയും പുലിയും കാട്ടുപന്നിക്കൂട്ടവുമുള്പ്പടെയുള്ള വന്യമൃഗങ്ങള്‍ ജീവനും സ്വത്തിനും ഭീഷണിയായ വിഹരിക്കുന്ന ചൊക്കന ഗ്രാമത്തിലാണ് തോട്ടം തൊഴിലാളിയായ കൊഴപ്പ വീട്ടില്‍ മുഹമ്മദലിയുടെ ഭാര്യ റാബിയ (34) 2020 ഫെബ്രുവരിയില്‍ കാട്ടാനയെ കണ്ട് ഭയന്ന് മരിച്ചത്. പാത്രം കഴുകാൻ വീടിനു പുറകുവശത്തെ വാതില്‍ തുറന്ന റാബിയ വീടിനു സമീപം കാട്ടാന നില്‍ക്കുന്നത് കണ്ട് ഭയന്ന് ബോധരഹിതയായി വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച് രണ്ട് ദിവസത്തിനുശേഷം മരിച്ചു.
ചൊക്കനയിലെ എസ്റ്റേറ്റ് പാഡിയിലാണ് ഹാരിസണ്‍ തൊഴിലാളിയായ മുഹമ്മദലിയും റാബിയയും കുട്ടികളും താമസിക്കുന്നത്. റാബിയക്ക് നേരിട്ട ദാരുണാന്ത്യം കേട്ടറിഞ്ഞ് ജനപ്രതിനിധികളടക്കം ഒട്ടേറെ പേര് ചൊക്കനയിലെത്തി വീട് സന്ദര്‍ശിക്കുകയും ഭര്‍ത്താവ് മുഹമ്മദലിയെയും അഞ്ചുമാസം മാത്രം പ്രായമുള്ള മകന് ആദില്ഷായെയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് മന്ത്രിയായിരുന്ന പ്രഫ. സി. രവീന്ദ്രനാഥ്, പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല, ടി.എന്‍. പ്രതാപന് എം.പി, കലക്ടറായിരുന്ന എസ്. ഷാനവാസ് തുടങ്ങിയവർ റാബിയയുടെ വസതി സന്ദര്‍ശിച്ചിരുന്നു. തോട്ടം തൊഴിലാളികളും മലയോര കര്‍ഷകരും നേടിരുന്ന വന്യജീവി ശല്യത്തിന് പരിഹാരം കാണാന്‍ സാധ്യമായ നടപടികള്‍ ഉറപ്പുനല്‍കിയാണ് ഇവര്‍ മടങ്ങിയത്. എന്നാല്‍, റാബിയ മരിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോഴും ചൊക്കന ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കാട്ടാന ശല്യത്തിന് കുറവുണ്ടായിട്ടില്ല. റാബിയയുടെ കുടുംബത്തിന് സര്‍ക്കാറില്‍നിന്ന് സഹായവും ലഭിച്ചില്ല. അര്‍ഹമായ സഹായം ലഭിക്കാൻ റാബിയയുടെ ഭര്‍ത്താവ് മുഹമ്മദാലി കയറിയിറങ്ങാത്ത ഓഫിസുകളില്ല. മുഖ്യമന്ത്രി, വനം മന്ത്രി, ജില്ല കലക്ടര്‍ എന്നിവരടക്കമുള്ളവര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
കാട്ടാന നേരിട്ട് ആക്രമിച്ചിട്ടില്ലാത്തതിനാല്‍ സഹായം അനുവദിക്കാനാവില്ലെന്ന നിലപാടാണ് തുടക്കം മുതലേ വനംവകുപ്പ് അധികൃതര്‍ സ്വീകരിച്ചിരുന്നത്. ഒടുവില്‍ റാബിയ മരിച്ചത് ന്യുമോണിയ ബാധിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് പറഞ്ഞ് വനംവകുപ്പ് അധികൃതര്‍ ഫയല്‍ തീര്‍പ്പാക്കി. പലപ്പോഴായി അധികൃതര്‍ ആവശ്യപ്പെട്ട രേഖകള്‍ എല്ലാം മുഹമ്മദലി സമര്‍പ്പിച്ചിട്ടും അധികൃതര്‍ സഹായം നിഷേധിക്കുകയായിരുന്നു. ജനിച്ച് ആറുമാസം തികയും മുമ്പേ ഉമ്മയെ നഷ്ടപ്പെട്ട മകന് ആദില്‍ ഷായുടെ സംരക്ഷണത്തിനാവശ്യമായ സഹായമെങ്കിലും അനുവദിച്ചുകിട്ടുമെന്ന മുഹമ്മദലിയുടെ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. ഹാരിസണ്‍ വക എസ്റ്റേറ്റ് പാഡിയിലാണ് മുഹമ്മദലിയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. ജോലിയില്‍നിന്ന് വിരമിക്കുമ്പോള്‍ ഇത് ഒഴിഞ്ഞുകൊടുക്കണമെന്നതിനാല് തലചായ്ക്കാന്‍ സ്വന്തമായി ഒരിടമില്ലാത്ത വിഷമവും ഈ കുടുംബത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.