കരുതൽ മേഖല: പ്രതിഷേധങ്ങളടക്കാൻ അടിയന്തിര പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം

തൃശൂർ: കരുതൽ മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രതിഷേധങ്ങളടക്കാൻ അടിയന്തിര വ്യാപക പ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകി. പഞ്ചായത്ത്, നഗരസഭ തലത്തിൽ സമിതികൾ രൂപവത്കരിച്ച് സാ​ങ്കേതിക സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകാനും പൊതുജനങ്ങളുടെ സംശയദുരീകരണത്തിന് സംവിധാനങ്ങളൊരുക്കാനും നിർദേശിച്ച ചീഫ് സെക്രട്ടറി ഡോ.വി.പി ജോയുടെ സർക്കുലർ വ്യാഴാഴ്ച തദ്ദേശസ്ഥാപനങ്ങിലെത്തി.

വനംവകുപ്പ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫീൾഡ് തല സ്ഥിരീകരണം നടത്താനും വാഹനങ്ങൾ ഉപയോഗിച്ച് മൊബൈൽ ഹെൽപ് ഡെസ്ക് സജ്ജമാക്കാനുമാണ് നിർദേശം. മൈക്ക് അനൗൺസ്മെന്റ് ഉൾപ്പെടെ പ്രചാരണങ്ങൾ നടത്താം.

വിവര വിനിമയത്തിന് കുടുംബശ്രീ -അയൽക്കൂട്ടങ്ങളെയും ചുമതലപ്പെടുത്താം. അടിയന്തിരപ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ തനത് ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കാമെന്നും സന്നദ്ധ സേവനവും സംഭാവനകളും ഉപയോഗപ്പെടുക്കാമെന്നും സർക്കുലറിലുണ്ട്.

ജനവാസകേന്ദ്രങ്ങളെയും നിർമിതികളെയും ഒഴിവാക്കിയാണ് കരട് കരുതൽ മേഖല ഭൂപടം വനം വന്യജീവി വകുപ്പ് തയ്യാറാക്കിയത്. കരുതൽ മേഖലക്കകത്ത് ജനവാസകേന്ദ്രമോ നിർമിതികളോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ജനുവരി ഏഴിനകം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താം.

ലഭിക്കുന്ന വിവരങ്ങളെ തദ്ദേശ സ്ഥാപനം തിരിച്ച് പട്ടികയിൽപ്പെടുത്തി തദ്ദേശസ്ഥാപനങ്ങൾക്ക് വനം വന്യജീവി വകുപ്പ് ലഭ്യമാക്കും. തദ്ദേശസ്ഥാപന തലത്തിൽ രൂപവത്കരിക്കുന്ന വാർഡ് തല സമിതി പരിശോധിച്ച് സ്ഥിരീകരണം നടത്തി ജിയോ ടാഗ് ചെയ്യണം.

വാർഡ് തല സമിതി കരട് ഭൂപട പ്രകാരമുള്ള കരുതൽ മേഖലയുടെ അതിര് ജനങ്ങൾക്ക് വ്യക്തമാക്കി നൽകണം. സർവ്വേ നമ്പർ ലഭ്യമാക്കുക, ആശങ്കകൾ ദുരീകരിക്കുക തുടങ്ങിയ ചുമതലകൾ നിർവഹിക്കണം. ആശയക്കുഴപ്പങ്ങളോ സങ്കീർണതകളോ ഇല്ലാതെ നടപടികൾ പൂർത്തിയാക്കുന്ന ഉത്തരവാദിത്തം സമിതിക്കാണ്.

ജനവാസമേഖലകളെ ഒഴിവാക്കി ഇക്കോ സെൻസിറ്റീവ് സോണുകളെ നിശ്ചയിക്കുന്നതിലേക്കായി കൃത്യമായ വിവരങ്ങൾ സമർപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ വിട്ടുപോയ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനു അധിക വിവരങ്ങൾ സമർപ്പിക്കുന്നതിന് തദ്ദേശതലത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ചും വാർഡുകളിൽ പൊതുജനങ്ങളെ ബോധവൽകരിക്കണം.

പൊതുജനങ്ങളിൽ നിന്നും നേരിട്ട് പരിശോധിച്ചും ലഭിച്ച വിവരങ്ങൾ ​ക്രോഡീകരിച്ച് വനംവകുപ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന് ലഭ്യമാക്കുകയും സർവകക്ഷിയോഗം ചേർന്ന് വിവരങ്ങളും മാപ്പും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണെന്ന് സർക്കുലർ ആവശ്യപ്പെടുന്നു.

Tags:    
News Summary - Reserve Zone-Local bodies instructed to take immediate action to quell protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.