തൃശൂർ: കള്ളനോട്ടുമായി യുവാവ് പിടിയിൽ. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജിനെയാണ് (37) തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 100 രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 നോട്ടുകളും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞദിവസം ഓട്ടോറിക്ഷയിൽ കയറിയ വയോധികക്ക് 500 രൂപ കൊടുത്തതിന് ചില്ലറയായി രണ്ട് 200 രൂപയുടെയും 100 രൂപയുടെയും നോട്ടുകൾ നൽകിയത് കള്ളനോട്ടായിരുന്നു.
സാധനങ്ങൾ വാങ്ങിക്കാനായി കടയിൽ കൊടുത്തപ്പോഴായിരുന്നു അറിഞ്ഞത്. വ്യാജ നോട്ടാണെന്ന് അറിഞ്ഞതോടെ കത്തിച്ചുകളഞ്ഞു. വിവരമറിഞ്ഞ സ്പെഷൽ ബ്രാഞ്ച് കമീഷണർക്ക് റിപ്പോർട്ട് നൽകി. വെസ്റ്റ് പൊലീസിന് സംഭവത്തിൽ അന്വേഷിക്കാൻ കമീഷണർ നിർദേശം നൽകി. ഇതനുസരിച്ചുള്ള അന്വേഷണത്തിലാണ് അയ്യന്തോൾ ചുങ്കത്ത് ഓട്ടോ ഡ്രൈവറായ ജോർജിനെ പരിശോധിച്ചത്. കള്ളനോട്ട് പിടികൂടിയതോടെ കേസെടുത്ത് ജോർജിന്റെ കട്ടിലപൂവത്തുള്ള വീട്ടിൽ പരിശോധന നടത്തി.
നോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച കാനൺ കമ്പനി പ്രിന്ററും നിർമാണാവസ്ഥയിലിരിക്കുന്ന ഒരുവശം അച്ചടിച്ച പേപ്പറുകളും കണ്ടെടുത്തു.
വയോധികരെയും മദ്യപന്മാരെയും അന്യ സ്ഥലങ്ങളിൽനിന്ന് വരുന്നവരെയും ഇയാൾ സ്ഥിരമായി കള്ളനോട്ട് ചില്ലറയായി നൽകി പറ്റിച്ചിരുന്നത്. ചെറിയ തുകയല്ലേ എന്നുകരുതി പറ്റിക്കപ്പെട്ടവർ പരാതി കൊടുക്കാത്തത് ഇയാൾക്ക് പ്രോത്സാഹനമായതാണ് പിടിക്കപ്പെടാതിരുന്നത്. വെസ്റ്റ് സി.ഐ ഫർഷാദിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.സി. ബൈജു, സിവിൽ പൊലീസ് ഓഫിസർമാരായ അബീഷ് ആന്റണി, സിറിൽ എന്നിവർ ചേർന്നാണ് പിടികൂടിയത്. എസ്.ഐ രമേഷ് കുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അലക്സാണ്ടർ, സുനീപ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.