പെരിഞ്ഞനം: പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ വി.പി. നായർ റോഡിന്റെ നവീകരണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. പെരിഞ്ഞനം ഓണപറമ്പ് മുതൽ നെടുംപറമ്പ് വരെയുള്ള റോഡിന്റെ നവീകരണമാണ് പാതിവഴിയിൽ നിലച്ചത്. 1100 മീറ്റർ നീളമുള്ള റോഡിന്റെ 650 മീറ്ററോളം ടൈൽ വിരിച്ച് നവീകരിച്ചിട്ടുണ്ട്. ബാക്കി ഭാഗം ഇപ്പോഴും കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയാണ്. എം.എൽ.എ ഫണ്ടിൽ നിന്ന് 40 ലക്ഷവും ജില്ല പഞ്ചായത്തിന്റെ 10 ലക്ഷവും ചെലവിട്ട് റോഡ് നവീകരണം ആരംഭിച്ചെങ്കിലും പകുതി ഭാഗം മാത്രമേ പൂർത്തിയാക്കാൻ കഴിഞ്ഞുള്ളൂ. റോഡ് മുഴുവൻ നവീകരിക്കാനുള്ള ഫണ്ട് തികഞ്ഞില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ടാറിങ്ങിനായി അനുവദിച്ച തുക ടൈൽസ് ഇട്ടത് കൊണ്ട് തികയാതെ വരികയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സമീപത്തെ വിദ്യാലയങ്ങളിലേക്കുൾപ്പെടെയുള്ള പ്രധാന റോഡാണ് സഞ്ചാരയോഗ്യമല്ലാതായിത്തീർന്നിരിക്കുന്നത്.
സ്കൂൾ തുറക്കുന്നതിന് മുമ്പ് നെടുംപറമ്പ് ഭാഗത്തെ ബാക്കിയുള്ള ഭാഗം കൂടി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് ഉന്നയിച്ച് നെടുംപറമ്പ് മഹല്ല് പ്രവാസി കൂട്ടായ്മ പഞ്ചായത്തിനും എം.എൽ.എക്കും നിവേദനം നൽകി.
അതേസമയം, റോഡ് നവീകരണത്തിന് 50 ലക്ഷം രൂപ വകയിരുത്തിയെങ്കിലും വാട്ടർ അതോറിറ്റി പൈപ്പിട്ട ഭാഗം റീസ്റ്റോറേഷൻ ചെയ്യേണ്ടി വന്നതിനാലാണ് റോഡ് മുഴുവനായും നവീകരിക്കാൻ കഴിയാതിരുന്നതെന്ന് പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് പറഞ്ഞു. വാട്ടർ അതോറിറ്റിയിൽ നിന്ന് ഫണ്ട് കിട്ടുന്ന മുറക്ക് ബാക്കി ഭാഗത്തെ പണി പൂർത്തീകരിക്കുമെന്നും ഇതിനായി എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.