തൃശൂർ: നെൽവയൽ തണ്ണീർത്തട കൂട്ടായ്മയും ഏനമാവ്- മുല്ലശ്ശേരി കോൾ കർഷക കൂട്ടായ്മയും സംയുക്തമായി കോളിലെ ഉപ്പിന്റെ ജനകീയ പരിശോധനക്ക് ആരംഭം കുറിച്ചു. കാർഷിക സർവകലാശാലയിലെ ഗവേഷണ വിഭാഗം മുൻ മേധാവി ഡോ. പി. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു.
കെട്ടുങ്ങൽ വഞ്ചിക്കടവിൽനിന്നുള്ള വെള്ളമാണ് പരിശോധിച്ചത്. കോളിലെ ഏനമാവ് ഫേസ് കനാൽ, പ്രധാന ഉൾചാലുകൾ എല്ലാം കാലഗണന വെച്ച് പരിശോധിച്ച് അളവ് രേഖപ്പെടുത്തണമെന്നും കാർഷിക പ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പും ശേഷവും വേലിയേറ്റ- വേലിയിറക്ക സമയങ്ങളും പരിശോധന വിധേയമാക്കണമെന്ന് ഡോ. പി. ഇന്ദിര ദേവി നിർദേശിച്ചു. ഉപ്പിനൊപ്പം കോളിലെ മണ്ണിന്റെ പി.എച്ച്, വെള്ളത്തിന്റെ പി.എച്ച്, മണ്ണിലെ സൂക്ഷ്മ മൂലകങ്ങളുടെ അളവ് എന്നിവ പരിശോധിക്കുന്ന പ്രവർത്തനം ആരംഭിക്കാനാകണമെന്ന് അവർ അഭിപ്രായപ്പെട്ടു.
കോളിലെ ഉപ്പിന്റെ അളവ് 0.5 പി.പി.ടി അളവിലേ അനുവദനീയമായിട്ടുള്ളൂ. ഇതിൽ കൂടുതലാണെങ്കിൽ നെൽവിളക്ക് ദോഷകരമാണ്. സെപ്റ്റംബറിൽ ഫേസ് കനാലിലെ ഉപ്പിന്റെ അളവ് ഏഴ് പി.പി.ടി ആയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഇത് 12ഉം 13ഉം എന്ന നിലയിലേക്ക് ഉയർന്നിരുന്നതായി കർഷകർ പറയുന്നു. ഇത് നെല്ലിന്റെ ഉൽപാദനക്ഷമതയെയും നെല്ലിന്റെ തൂക്കത്തെയും ഗണ്യമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഉപ്പിന്റെ ജനകീയ പരിശോധനക്ക് കർഷകർ നേരിട്ട് രംഗത്തിറങ്ങുന്നത്.
കർഷക കൂട്ടായ്മ ചെയർമാൻ ഡോ. കെ. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ നമ്പനത്ത് സ്വാഗതം പറഞ്ഞു. ഏനമാവ് -മുല്ലശേരി കർഷക കൂട്ടായ്മ കൺവീനർ പി. പരമേശ്വരൻ, സെന്റ് അലോഷ്യസ് കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പ്രഫ. ജെയ്സൺ ജോസ്, മണലൂർ പഞ്ചായത്ത് അംഗം മിനി അനിൽ കുമാർ, മണലൂർ കൃഷി ഓഫിസർ ജാസ്മിൻ ജോർജ്, മണലൂർത്താഴം കോൾ പടവ് കമ്മിറ്റി സെക്രട്ടറി കെ.കെ. ഗൗതമൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.