അണ്ടത്തോട്: കടൽ കവരാനൊരുങ്ങി പാലപ്പെട്ടി കാപ്പിരിക്കാട്ടെ രണ്ട് പള്ളികൾ. മലപ്പുറം, തൃശൂർ ജില്ലാതിർത്തിയായ കാപ്പിരിക്കാട് കടലോരത്തെ ഹിളർ പള്ളിയും അലിയാർ പള്ളിയുമാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. ഇതിൽ ഹിളർ പള്ളിയുടെ തൊട്ടടുത്ത് വരെ മണൽത്തിട്ടകൾ കടലെടുത്തു. കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തിൽ തിരമാലകൾ ഈ പള്ളിക്ക് ചുറ്റും ഇരച്ചുകയറി.
മണൽത്തിട്ടകൾ കടലെടുക്കുന്നതിനാൽ ഏത് നിമിഷവും പള്ളികളും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്. സമീപത്തെ നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന പള്ളികളാണിത്. ഈ മേഖലകളിൽ കടൽഭിത്തിയില്ലാത്തതാണ് നാശനഷ്ടം വർധിക്കാൻ കാരണമാകുന്നത്. ഹിളർ പള്ളിയുടെ മേൽക്കൂരയും അപകടാവസ്ഥയിലാണ്. പള്ളിക്ക് സമീപത്തെ തീരദേശ റോഡ് കഴിഞ്ഞ കടലാക്രമണത്തിൽ നഷ്ടമായിരുന്നു. കഴിഞ്ഞ വർഷത്തെ കടലാക്രമണത്തിൽ അജ്മീർ നഗർ ജുമാ മസ്ജിദിന്റെ ഖബർസ്ഥാൻ ഉൾപ്പെടെ കടലെടുത്തിരുന്നു. കടലാക്രമണം ശക്തമായാൽ ഏത് നിമിഷവും ഹിളർ പള്ളിയും അലിയാർ പള്ളിയും കടലെടുക്കുമെന്ന സ്ഥിതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.