തൃശൂർ: കോവിഡ് നിയന്ത്രണ സാഹചര്യത്തിൽ പുറത്തിറങ്ങുന്നവർ ആവശ്യമറിയിച്ചുള്ള സത്യസന്ധമായ സത്യവാങ്മൂലം കരുതാനുള്ള പൊലീസ് നിർദേശം വെറുതെയല്ല. അതിന് ഏറെ മൂല്യമുണ്ടെന്ന് തൃശൂരിലെ സെലിൻ സാക്ഷ്യമാണ്.
നഷ്ടപ്പെട്ട പഴ്സും രേഖകളും സ്വർണവുമുൾപ്പെടെ തിരികെ കിട്ടാൻ കാരണമായത് വീണുകിട്ടിയ സുനിലെന്ന യുവാവിെൻറ സത്യസന്ധതക്കൊപ്പം പഴ്സിൽ സൂക്ഷിച്ചിരുന്ന സത്യവാങ്മൂലമായിരുന്നു. കിഴക്കേ കോട്ടയിൽ വെള്ളിയാഴ്ച ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ യൂസഫിെൻറ നേതൃത്വത്തിലുള്ള പൊലീസിെൻറ വാഹന പരിശോധനക്കിടെയാണ് സംഭവം. വാഹന പരിശോധന നടക്കുന്നിടത്തേക്ക് അരിമ്പൂർ സ്വദേശി സുനിൽ കൈയിലൊരു പഴ്സുമായി എത്തുകയായിരുന്നു.
വഴിയിൽനിന്ന് കിട്ടിയതാണെന്ന് അറിയിച്ച് അത് പൊലീസിന് കൈമാറി. പഴ്സ് എത്തിച്ച സുനിലിെൻറ വിലാസവും ഫോൺനമ്പറുമുൾപ്പെടെ പൊലീസ് രേഖപ്പെടുത്തി.പഴ്സ് പരിശോധിച്ചതിൽ 400 രൂപയും എ.ടി.എം കാർഡും മറ്റു രേഖകളുമുണ്ടായിരുന്നു. പക്ഷേ, ആളെ തിരിച്ചറിയാൻ സഹായമായത് അതിൽ സൂക്ഷിച്ചിരുന്ന മൊബൈൽ നമ്പറുൾപ്പെടെയുള്ള സത്യവാങ്മൂലമായിരുന്നു. അവിടെ വെച്ചുതന്നെ നമ്പറിൽ ബന്ധപ്പെട്ട് എത്തിച്ചേരാൻ അറിയിച്ചു.
ഇതിനിടയിൽ തിരക്കുണ്ടെന്ന് അറിയിച്ച് സുനിൽ മടങ്ങിയിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ വിശാഖ് പഴ്സ് കൂടുതൽ പരിശോധിച്ചതിൽ 43 ഗ്രാം തങ്കക്കട്ടി കിട്ടി. ഉടൻതന്നെ വിവരം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഫിറോസിനെ അറിയിച്ചതനുസരിച്ച് എത്തി. ഇതിനിടയിൽ സത്യവാങ്മൂലത്തിലെ ഫോൺ നമ്പറിൽ വിളിച്ചതനുസരിച്ച് എത്തിയയാളിൽ നിന്ന് വിവരങ്ങൾ തേടി പഴ്സ് ഉടമയെന്ന് ഉറപ്പിച്ചു.
ജ്യോതി രത്ന ആഭരണ നിർമാണശാലയുടെ ഉടമയായ സെലിൻ ജോർജിെൻറതായിരുന്നു പഴ്സും സ്വർണവും. സെലിന് തങ്കക്കട്ടിയടക്കമുള്ള പഴ്സ് തിരിച്ചേൽപിച്ചു. പഴ്സ് ഏൽപിച്ച സുനിലിനെ പൊലീസുകാർക്ക് മുന്നിൽ വെച്ചുതന്നെ ഫോണിൽ വിളിച്ച് നന്ദിയറിയിച്ചാണ് സെലിൻ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.