പല ആവശ്യങ്ങൾക്ക് അടുത്ത നഗരത്തിലൊന്ന് പോകണമെന്ന് കരുതുക. കുറച്ചധികം നേരം വേണ്ടിവരുന്ന കാര്യമാണ്. യാത്ര ചെയ്ത് നഗരത്തിൽ എത്തിയതാണ്. അങ്ങനെ ഓരോരോ കാര്യങ്ങളുമായി നടക്കുമ്പോഴാണ് ‘ശങ്ക തോന്നിയത്’. അത് ‘ഒന്നിനോ രണ്ടിനോ’ ആകാം. അതോടെ പരിഭ്രമമായി.
നഗരത്തിൽ വൃത്തിയുള്ള പൊതു ശൗചാലയ സംവിധാനമില്ല. കാര്യം സാധിക്കണമെങ്കിൽ ഹോട്ടലുകളെയോ പെട്രോൾ പമ്പുകളെയോ ആശ്രയിക്കണം. നമ്മുടെ ഏതാണ്ടെല്ലാ നഗരങ്ങളുടെയും അവസ്ഥയാണിത്. സ്ത്രീകളുടെ കാര്യം പറയുകയേ വേണ്ട. ആർത്തവ സമയമാണെങ്കിൽ വലഞ്ഞതുതന്നെ. ജോലി ചെയ്യുന്ന ഓഫിസുകളിലെ ശൗചാലയങ്ങൾപോലും സ്ത്രീസൗഹൃദമല്ല. പിന്നയല്ലേ പൊതുശൗചാലയങ്ങളുടെ കാര്യം.
ആരോഗ്യമേഖലയിലെ കേരള മോഡലിനുനേരെ കൊഞ്ഞനം കുത്തുകയാണ് ഈ അവസ്ഥ. ശങ്ക തീർക്കാനുള്ള സംവിധാനത്തിൽ എങ്ങും അനാരോഗ്യ പ്രവണതകളാണ്. അപൂർവം ഉള്ളതിന് വൃത്തി തൊട്ടുതീണ്ടിയിട്ടില്ല. വെള്ളമില്ല, ചുവരിലെ ‘സാഹിത്യം’ സഹിക്കണം. ഒന്ന് നിൽക്കാൻപോലും സ്ഥലമില്ലാത്തത്ര ഇടുങ്ങിയതാണ് പലതും.
ഒടുവിൽ, പഴയപടി നഗരത്തിൽ ആള് കുറവുള്ള ഏതെങ്കിലും ഇടവഴിയരികിൽ ‘ഒന്ന്’ നിർവഹിക്കും. ‘രണ്ടിന്’ അത് പറ്റില്ല. സ്ത്രീകൾ സഹിക്കാൻ വയ്യെങ്കിലും വീടെത്തുംവരെ ‘പിടിച്ചുനിൽക്കേണ്ട’ ഗതികേടിലാണ്. ആർത്തവ സമയങ്ങളിൽ സാനിറ്ററി പാഡ് ഉപേക്ഷിക്കാൻ സൗകര്യമില്ലാത്തതും സ്ത്രീകളെ വലക്കുന്നു. പാഡ് പൊതിഞ്ഞുപിടിച്ച് വീട്ടിലെത്തണമെന്ന് വിദ്യാർഥിനികൾ അടക്കമുള്ളവർ പറയുന്നു.
തൃശൂർ കോർപറേഷനിലെയും ജില്ലയിലെ ഏഴ് നഗരസഭകളിലെയും പൊതുശൗചാലയ സംവിധാനത്തെക്കുറിച്ച് ‘മാധ്യമം’ ലേഖകർ നടത്തുന്ന അന്വേഷണം ഇന്നുമുതൽ.
കൊടുങ്ങല്ലൂർ: ആരെയും കാര്യമായി ആകർഷിക്കാതെ നിലകൊള്ളുകയാണ് കൊടുങ്ങല്ലൂർ നഗരസഭയിലെ ആധുനിക സംവിധാനമെന്ന് അധികൃതർ അവകാശപ്പെടുന്ന ഇ-ടോയ്ലറ്റുകൾ. നഗരമധ്യത്തിൽ തിരക്കേറിയ റോഡരികിലെ തുറന്ന സ്ഥലത്താണിവ സ്ഥാപിച്ചിരിക്കുന്നത്.
നാണയം നിക്ഷേപിച്ച് ഉപയോഗിക്കുന്ന ഇലേക്ട്രാണിക് സംവിധാനത്തോട് പൊരുത്തപ്പെടാനാകാതെ നഗരത്തിലെത്തുന്നവർ ഇതര സൗകര്യങ്ങൾ തേടുകയാണ്. സ്വച്ഛ് ഭാരത് പദ്ധതിയിൽ സ്ഥാപിച്ച ഇ-ടോയ്ലറ്റുകൾ ഏറക്കുറെ നോക്കുകുത്തിയാണ്. മതിലുകളും മറ്റും മറയാക്കി വെളിയിട മൂത്രവിസർജനം നടത്തുന്നവരെ നഗരത്തിലെങ്ങും കാണാം.
ഏറെക്കാലത്തെ മുറവിളിക്കുശേഷം നവീകരിച്ച കൊടുങ്ങല്ലൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തെ ശൗചാലയത്തിനും ഇതേ ദുരവസ്ഥയാണ്. ചില ബസ് ജീവനക്കാർക്ക് കെട്ടിടത്തിന്റെ മറതന്നെയാണ് ഇപ്പോഴും താൽപര്യം. ഇത് പരിസരമാകെ ദുർഗന്ധപൂരിതമാക്കുന്നു.
ബസ് സ്റ്റാൻഡിൽ മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തി ‘വഴിയിടം\ടേക്ക് എ ബ്രേക്ക്’ പദ്ധതിയിൽ കംഫർട്ട് സ്റ്റേഷൻ നവീകരിച്ചത് യാത്രക്കാർക്ക് ആശ്വാസമായി. അതേസമയം, തൊട്ടുതന്നെ ചുറ്റും പുല്ലും ചെടികളും വളർന്ന് നിൽക്കുന്ന ടോയ്ലറ്റുകളുമുണ്ട്. ‘ടേക്ക് എ ബ്രേക്കി’ൽ ശൃംഗപുരത്തും വഴിയിടം വനിത വിശ്രമകേന്ദ്രത്തിന്റെ ഭാഗമായി നഗരസഭ കാര്യാലയത്തിലും ടോയ്ലറ്റ് സൗകര്യമുണ്ട്. ശ്രീകുരുംബ ക്ഷേത്രാങ്കണത്തിൽ നഗരസഭയുടെ ടോയ്ലറ്റ് ബ്ലോക്ക് നിർമാണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.