തൃശൂർ: ഒല്ലൂർ വൈലോപ്പിള്ളി കോളജിലും തൃശൂർ ജനറൽ ആശുപത്രിയിലും എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ.
തുടർന്ന് പൊലീസ് ലാത്തിവീശി. ഈസ്റ്റ് എസ്.ഐ പ്രമോദ് അടക്കമുള്ള പൊലീസുകാർക്കും പരിക്കേറ്റു. ജനറൽ ആശുപത്രിയിലെ സംഘർഷത്തെ തുടർന്ന് എ.ഐ.എസ്.എഫ് പ്രവർത്തകരെ മാത്രം പൊലീസ് കസ്റ്റഡിയിലെടുത്തതും പ്രതിഷേധത്തിനിടയാക്കി. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പി. ബാലചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ തൃശൂർ ഈസ്റ്റ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. വ്യാഴാഴ്ച ഒല്ലൂർ വൈലോപ്പിള്ളി കോളജിൽ എ.ഐ.എസ്.എഫ് പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ചിരുന്നു.
എസ്.എഫ്.ഐ പ്രവർത്തകർ സമരത്തിനെതിരെ രംഗത്തു വന്നതാണ് സംഘർഷത്തിനിടയാക്കിയത്. പരിക്കേറ്റ രണ്ട് എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ തൃശൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ കാണാനെത്തിയ എ.ഐ.എസ്.എഫ്-എ.ഐ.വൈ.എഫ് പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമായി. ഇത് പിന്നീട് കയ്യാങ്കളിയിലെത്തുകയും സംഘർഷമായി മാറുകയുമായിരുന്നു. പ്രശ്നമറിഞ്ഞെത്തിയ ഈസ്റ്റ് പൊലീസ് ലാത്തി വീശിയതോടെ അഞ്ച് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മന്ത്രി കെ. രാജന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്ളവരും ഇതില്‍പ്പെടും.
സംഘർഷത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്തത് എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മാത്രമായിരുന്നു. ഇതാണ് സി.പി.ഐ പ്രതിഷേധത്തിന് കാരണമായത്. എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി ഉൾപ്പെടെ ആറ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പി. ബാലചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ എ.ഐ.എസ്.എഫ് പ്രവർത്തകർ പ്രതിഷേധവുമായി സ്റ്റേഷനിലെത്തി.
പിന്നാലെ സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വൽസരാജും എത്തി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ മടങ്ങില്ലെന്ന് നേതാക്കൾ നിലപാടെടുത്തതോടെ കസ്റ്റഡിയിലെടുത്തവരെ ആശുപത്രിയിലേക്ക് മാറ്റി. എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി എന്‍.കെ. സനല്‍കുമാർ, ടി.എസ്. അഖില്‍, ഫ്രെഡി ഷാജു, രഞ്ജിത്ത്, നിജില്‍, എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എ.ഐ.എസ്.എഫ് നേതാക്കളെ മാത്രം കസ്റ്റഡിയില്‍ എടുത്തത് ശരിയായ നടപടിയല്ലെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വൽസരാജ് കുറ്റപ്പെടുത്തി. എ.ഐ.എസ്.എഫ്-എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
എ.ഐ.എസ്.എഫിന്റെ പഠിപ്പ് മുടക്ക് സമരത്തിനിടയിലേക്ക് എസ്.എഫ്.ഐ അനാവശ്യമായ ആക്രമണമാണ് നടത്തിയതെന്ന് മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ സമൂഹമാധ്യമത്തിൽ വിമർശിച്ചു. എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയത് ഗുണ്ടാ ആക്രമണമാണെന്നും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.