തൃശൂർ: 'പാടും പാതിരി' ഫാ. പോൾ പൂവത്തിങ്കലിന് ഷഷ്ഠിപൂർത്തി. 27നാണ് പിറന്നാൾ. കോവിഡ് മഹാമാരിക്കാലത്ത് ആഘോഷങ്ങൾ ഒഴിവാക്കി കാരുണ്യ പദ്ധതികളും മുഖ്യമന്ത്രിയുെട ദുരിതാശ്വാസ നിധിയിലേക്ക് സഹായവും നൽകിയാണ് ജന്മദിനം ആഘോഷിക്കുന്നത്.
സംഗീതജ്ഞനും സംഗീത സംവിധായകനും തൃശൂരിലെ ചേതന സ്ഥാപനങ്ങളുടെ ഡയറക്ടറുമായ ഫാ. പോൾ പൂവത്തിങ്കൽ വിയ്യൂർ ആലപ്പാട്ട് പൂവത്തിങ്കൽ പൈലോതിെൻറയും മേരിയുടെയും മകനാണ്. കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ കത്തോലിക്ക പുരോഹിതനായ ഇദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റ് കൂടിയാണ്. മരുന്നിെൻറ സഹായമില്ലാതെ ആയിരത്തിലേറെ രോഗികൾക്ക് ശബ്ദസംബന്ധമായ തകരാറുകൾ പരിശീലനത്തിലൂടെ പരിഹരിച്ചു. മൈലിപ്പാടത്ത് പ്രവർത്തിക്കുന്ന ക്ലിനിക്കിൽ എല്ലാ ബുധനാഴ്ചകളിലും ശബ്ദ ചികിത്സയുണ്ട്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 60 നിർധന കലാകാരന്മാർക്ക് 5000 രൂപവീതം ധനസഹായവും തൃശൂരിലെ കലാകാരന് ആറ് ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന വീടുൾെപ്പടെ 10 ലക്ഷം രൂപയുടെ കാരുണ്യ പ്രവൃത്തികളാണ് ഷഷ്ഠിപൂർത്തി ആഘോഷത്തിന് തീരുമാനിച്ചിരിക്കുന്നത്. ക്ലാസിക്കൽ സംഗീതവും നൃത്തവും അഭ്യസിക്കാൻ ആറ് വിദ്യർഥികൾക്ക് കലാപഠന ചെലവുകൾ ഏറ്റെടുക്കുമെന്ന് ആഘോഷ സംഘാടകസമിതി ഭാരവാഹികളായ പ്രഫ. ജോർജ് എസ്. പോൾ, എം.ഡി. പോളി, പ്രഫ. വി.എ. വർഗീസ്, പ്രഫ. സെബാസ്റ്റ്യൻ ജോസഫ് എന്നിവർ പറഞ്ഞു.
27ന് വൈകീട്ട് ഏഴുമുതൽ ഒമ്പതുവരെയായി നടക്കുന്ന ഓൺലൈൻ മീറ്റ് വഴി കലാകാരന്മാരും പ്രമുഖരുമടക്കമുള്ളവർ ആശംസ നേരും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി സുഹൃദ്സംഗമം ഉദ്ഘാടനം ചെയ്യും. അഞ്ചേരിയിൽ പണി പൂർത്തിയായ വീടിെൻറ താക്കോൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത് കൈമാറും. കലാകാരന്മാർക്കുള്ള കാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം ഡോ. കെ.ജെ. യേശുദാസ് നിർവഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മന്ത്രി കെ. രാജനും തൃശൂർ മെഡിക്കൽ കോളജിലേക്കുള്ള ധനസഹായം മന്ത്രി പ്രഫ. ആർ. ബിന്ദുവും ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.