തൃശൂര്‍: നിയന്ത്രണംവിട്ട കെ.എസ്.ആര്.ടി.സി ബസിടിച്ച് തൃശൂര്‍ ശക്തന് നഗറിലെ ശക്തന് തമ്പുരാന് പ്രതിമ തകര്‍ന്നു. അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ച മൂന്നോടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോഫ്ലോർ ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പ്രതിമ പൂര്‍ണമായും തകര്‍ന്നുവീണു. പ്രതിമ സ്ഥിതിചെയ്യുന്ന റൗണ്ടിനകത്തേക്ക് ചുറ്റുമുള്ള ഇരുമ്പുവേലി തകര്‍ത്ത് ബസ് മുഴുവനായി ഇടിച്ചുകയറി.
അപകടത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. മന്ത്രി കെ. രാജന്, പി. ബാലചന്ദ്രന് എം.എല്‍.എ, മേയര്‍ എം.കെ. വര്‍ഗീസ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
കെ.എസ്.ആര്.ടി.സിയുടെ ചെലവില്‍ പ്രതിമ പുനഃസ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചതായി മന്ത്രി രാജന് പറഞ്ഞു. പ്രതിമയുടെ ശിൽപികളുമായി കൂടിയാലോചിച്ച് എത്രയുംവേഗം പുനഃസ്ഥാപിക്കും.
അപകടകാരണം ശാസ്ത്രീയമായി പരിശോധിക്കും. ആവശ്യമെങ്കിൽ സിഗ്നലുകളും റിഫ്ലക്ടറുകളും വെക്കാന്‍ കോർപറേഷൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ 2020ലാണ് ശക്തന് തമ്പുരാന് പ്രതിമ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.