പെരുമ്പിലാവ്: കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശം. കടവല്ലൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാറ്റ് നാശം വിതച്ചു. മരങ്ങൾ കടപുഴകി വൈദ്യുതി ബന്ധങ്ങൾ തകരറിലായി. ശനിയാഴ്ച 12നായിരുന്നു സംഭവം. കടവല്ലൂർ-കല്ലുംപുറം ചെഗുവേര റോഡിൽ കൂനത്തയിൽ ഹനീഫയുടെ പറമ്പിലെ നെല്ലി മരത്തിന്റെ വലിയ കൊമ്പാണ് പൊട്ടി വീണത്. ഇതേ റോഡിൽ വലിയറ ഷിബുവിന്റെ പറമ്പിലെ പ്ലാവ് കടപുഴകി. കല്ലുംപുറത്ത് ചാലിശ്ശേരി റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വലിയ തേക്ക് കടപുഴങ്ങി വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മരം വീണ് രണ്ട് വൈദ്യുതി കാലുകൾ പൂർണമായും മൂന്ന് കാലുകൾ ഭാഗികമായും തകർന്നു. സംസ്ഥാനപാതക്ക് കുറുകെ പഴഞ്ഞി റോഡിലേക്ക് ബന്ധിപ്പിച്ച വൈദ്യുതി കമ്പികളും കേബിളുകളും പാതയിൽ പൊട്ടി വീണതോടെ പെരുമ്പിലാവ്-കുറ്റിപ്പുറം റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കേബിളിൽ കുടുങ്ങി ബൈക്ക് യാത്രികൻ വീണു. കുന്നംകുളത്തെ അഗ്നി രക്ഷാസേനാംഗങ്ങളും നാട്ടുകാരും വൈദ്യുതി വകുപ്പ് ജീവനക്കാരും ചേർന്നാണ് മരം മുറിച്ചുമാറ്റിയത്.
ചെറുതുരുത്തി: മരക്കൊമ്പ് പൊട്ടിവീണ് വൈദ്യുതിത്തൂണുകൾ ഒടിഞ്ഞു. സ്കൂൾ വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശമംഗലം പഞ്ചായത്തിലെ ആറങ്ങോട്ടുകര സത്യൻ ടാക്കീസിന് സമീപം ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് വൈദ്യുതിക്കമ്പിയിൽ മരം പൊട്ടിവീണത്. നിരവധി കുട്ടികളാണ് ഈ റോഡിൽകൂടി പോയിരുന്നത്. മരം വീഴുന്ന ശബ്ദം കേട്ട് ഇവർ ഓടിമാറിയതിനാൽ അപകടം ഒഴിവായി. തൊട്ടടുെത്ത വീടിനോട് ചേർന്ന് പറമ്പിലേക്കാണ് മരം വീണത്. വള്ളത്തോൾ നഗർ കെ.എസ്.ഇ.ബിയുടെ അതിർത്തിയിൽപെട്ട പൈങ്കുളം അയ്യപ്പൻ എഴുത്തച്ഛനും പടിക്ക് സമീപം മരം വീണ് ഇരുമ്പിന്റെ കെ.എസ്.ഇ.ബി കാൽ ഭാഗികമായി തകർന്നു. അത്തിക്ക പറമ്പ് കുളമ്പ്മുക്കിന് സമീപത്തും പന്നിയടി ഭാഗത്തും മരം വീണ് വൈദ്യുതിത്തൂണുകൾ തകർന്നു.
എരുമപ്പെട്ടി: നെല്ലുവായ് മുണ്ടന്‍കോട് കോളനിയില്‍ മരങ്ങള്‍ കടപുഴകി വീടിനും വൈദ്യുതി പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പുത്തന്‍പുരക്കല്‍ മണികണ്ഠന്റെ വീടിന് മുകളിലേക്ക് സമീപ പറമ്പിലെ വലിയമരം പൊട്ടിവീണു. വീടിന്റെ ട്രസിന്റെ ഷീറ്റുകളും വെള്ളടാങ്കും തകര്‍ന്നു. റോഡരികിലെ രണ്ട് വൈദ്യുതിത്തൂണുകൾ മരം വീണ് തകര്‍ന്നു. വാര്‍ഡ് അംഗം എന്‍.പി. അജയന്റെ നേതൃത്വത്തില്‍ അധികൃതരെത്തി നാശം വിലയിരുത്തി. മരം കടപുഴകി കുണ്ടന്നൂർ - തലശേരി റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു. നാട്ടുക്കർ മരം മുറിച്ചു മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
തൃശൂർ: തൃശൂർ നടുവിലാലിൽ കെട്ടിടത്തിന്റെ ആൽക്കോ പാനലിന്റെ ഒരുഭാഗം കാറ്റിൽ നടപ്പാതയിലേക്ക് വീണു. ആർക്കും പരിക്കില്ല. പി.എൻ. ശങ്കരനാരായണ മേനോൻ മെമ്മോറിയൽ കെട്ടിടത്തിന്റെ ആൽക്കോ പാനലാണ് വീണത്. കെടിടത്തിൽ പ്രവർത്തിച്ചിരുന്ന ഖാദി ഷോപ്പിലെ ജീവനക്കാർ ശബ്ദം കേട്ട് പുറത്തക്ക് ഓടി. അഗ്നിരക്ഷ സേനയെത്തി വീഴാറായ ഗ്ലാസ് ജനലുകൾ കയറിട്ട് കെട്ടി പുറത്തേക്ക് ഇറക്കി. മുണ്ടുപാലത്ത് ശക്തമായ കാറ്റിൽ മരം റോഡിലേക്ക് ണു. തൃശൂർ അഗ്നിരക്ഷ സേനാംഗങ്ങളെത്തി മുറിച്ചുനീക്കി.
വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭ 11ാം ഡിവിഷനിൽ ഓട്ടുപാറ ചുള്ളിക്കാട് കിഴക്കേപുരക്കൽ രാജേഷിന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി. അപകടസമയം രാജേഷും അമ്മയും ഭാര്യയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും അപകടമില്ല. അകമല പട്ടാണിക്കാട് പ്രദേശത്ത് മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിക്ക് വീണ് മേഖലയിലെ വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.