ഇരിങ്ങാലക്കുട: തെരുവുനായ് ആക്രമണത്തിന് ഇരയായ മൂന്നുപേർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുമ്പാകെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ പരിധിയിൽ താമസിക്കുന്ന ഭരതനുണ്ണിക്ക് 20,200 രൂപയും കെ.കെ. ലിമക്ക് 4,17,000 രൂപയും കെ. ദാസന് 1,42,000 രൂപയും നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ, തുക നൽകാൻ പറ്റില്ലെന്നും വിഷയത്തിൽ നിയമോപദേശം തേടാമെന്നും ഇതുസംബന്ധിച്ച് നടന്ന ചർച്ചയിൽ ചെയർപേഴ്സൻ പറഞ്ഞു.
എന്നാൽ, കേസ് നൽകണമെങ്കിൽ സുപ്രീംകോടതിയിൽ പോകേണ്ടിവരുമെന്നും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും കോടതി അലക്ഷ്യമാകരുതെന്നും നഗരസഭ സെക്രട്ടറി ചൂണ്ടിക്കാട്ടി. സെക്രട്ടറി പറയുന്നതിനോട് യോജിക്കുകയാണെന്നും സിരിജഗൻ കമ്മിറ്റിക്ക് എതിരെ തിരിയുന്നതിനുപകരം നഗരസഭ പരിധിയിൽ എ.ബി.സി പദ്ധതി കൃത്യമായി നടപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്ന് ബി.ജെ.പി അംഗം സന്തോഷ് ബോബൻ പറഞ്ഞു.
ആധുനിക അറവുശാല നിർമിക്കാൻ കിഫ്ബി മാനദണ്ഡങ്ങൾ അനുസരിച്ച് ഡി.പി.ആർ തയാറാക്കിയ കണ്ണൂർ ആസ്ഥാനമായ സെന്റർ ഫോർ ഫാമിങ് ആൻഡ് ഫുഡ് പ്രൊസസിങ്ങിന് ഗ്രാന്റിൽനിന്ന് 5.84 ലക്ഷം രൂപ അനുവദിക്കാൻ യോഗം തീരുമാനിച്ചു. പദ്ധതിക്ക് കിഫ്ബി ഫണ്ട് ലഭിച്ചില്ലെങ്കിൽ ഡി.പി.ആറിനായി നൽകിയ തുക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന് ബി.ജെ.പി അംഗം ടി.കെ. ഷാജു ചൂണ്ടിക്കാട്ടി. എന്നാൽ, കിഫ്ബിയിൽനിന്ന് ഫണ്ട് ലഭിക്കുന്ന കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഉറപ്പാണെന്നും ചെയർപേഴ്സൻ പറഞ്ഞു. സോണൽ ഓഫിസിലെ നികുതി പിരിവിനായി കൊരുമ്പിശ്ശേരി സ്വദേശിനിയെ താൽക്കാലിക അടിസ്ഥാനത്തിൽ ബിൽ കലക്ടറായി നിയമിക്കാമെന്ന ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ തീരുമാനം പ്രതിപക്ഷ വിമർശനങ്ങളെ തുടർന്ന് ഉപേക്ഷിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റിയല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും പിൻവാതിൽ നിയമനങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷത്തുനിന്ന് അഡ്വ. കെ.ആർ. വിജയ, സി.സി. ഷിബിൻ, സന്തോഷ് ബോബൻ എന്നിവർ വ്യക്തമാക്കിയതോടെ നിയമന തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായുള്ള ആറരക്കോടി രൂപയുടെ പ്ലാനും ബജറ്റും യോഗം അംഗീകരിച്ചു.
യോഗത്തിൽ ചെയർപേഴ്സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.