തൃശൂർ: കോവിഡ് കാലത്ത് നടപടിക്രമങ്ങളും വില്ലനാവുന്നു. തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടണമെങ്കിൽ കാത്തിരിക്കേണ്ടി വരുന്നത് ഒന്നര ദിവസത്തോളം. അത്രയേറെ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുകൊണ്ടാണ് വൈകുന്നതെന്നാണ് പറയുന്നത്. കോവിഡ് പോസിറ്റിവ് ആയാലും നെഗറ്റിവ് ആയാലും ഇതു തന്നെയാണ് സ്ഥിതി.
കഴിഞ്ഞ ദിവസങ്ങളിലായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ കോവിഡ് പരിശോധനയിൽ നെഗറ്റിവ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം വിട്ടുനൽകിയത് രണ്ട് ദിവസമെത്തിയപ്പോഴാണ്. അതാകട്ടെ ബന്ധുക്കളെ അനാവശ്യമായി നടത്തിച്ചതിന് ശേഷവും. ചികിത്സയിലിരിക്കെയോ ആശുപത്രിയിൽ എത്തുംമുേമ്പാ മരിച്ചതായാലും ഡ്യൂട്ടിയിലുള്ള ഡോക്ടർ മരണം സ്ഥിരീകരിച്ച ശേഷം കോവിഡ് പരിശോധനക്ക് നിർദേശം നൽകും. ഇതിന് ശേഷം സ്രവം ലാബിലേക്ക് വിട്ട് അവിടെനിന്ന് വീണ്ടും ഡോക്ടറിലേക്കെത്തി, പ്രിൻസിപ്പലിനും ജില്ല ഭരണകൂടത്തിനും അവിടത്തെ പരിശോധനക്ക് ശേഷം ഇതേ നടപടിക്രമങ്ങളിലൂടെ തിരിച്ചെത്തി വേണം മൃതദേഹം വിട്ടുനൽകാൻ. പരിശോധനക്കായി എടുക്കുന്നത് പരമാവധി മൂന്ന് മണിക്കൂറാണെങ്കിൽ ഈ നടപടിക്രമങ്ങളുടെ പൂർത്തീകരണത്തിനാണ് ഇത്രയുമധികം സമയമെടുക്കുന്നത്. മൃതദേഹത്തിൽ ട്രൂനാറ്റ് പരിശോധനയാണ് നടത്തുന്നത്. ഇതിലെ സംശയങ്ങളിലാണ് ആർ.ടി.പി.സി.ആറിലേക്ക് വിടുന്നത്. ട്രൂനാറ്റ് പരിശോധനയിൽ കോവിഡ് പോസിറ്റിവോ നെഗറ്റിവോ എന്ന് അറിയുന്നതനുസരിച്ചാണ് തുടർനടപടികൾ.
മൃതദേഹത്തിൽനിന്ന് കോവിഡ് പകർച്ചക്ക് സാധ്യതയില്ലെന്നാണ് പഠനമെങ്കിലും തൃശൂർ മെഡിക്കൽ കോളജിൽ മരിച്ച അരിമ്പൂർ സ്വദേശിനിയുടെ മൃതദേഹത്തിൽനിന്നാണ് അന്തിക്കാട്ട് പൊലീസുകാർക്ക് വൈറസ് ബാധയുണ്ടായതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് നടപടിക്രമങ്ങൾ പാലിക്കാതെ മൃതദേഹം വിട്ടുനൽകാൻ കഴിയാത്തതെന്നാണ് ഡോക്ടർമാർ പറയുന്നത്.
പോസിറ്റിവ് ആണെങ്കിൽ സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് വേണം. നെഗറ്റിവിന് ഇതിെൻറ ആവശ്യമില്ല. പക്ഷേ, നടപടിക്രമങ്ങൾ തീർന്ന് വരുവോളം നെഗറ്റിവ് ആയാലും പോസിറ്റിവ് ആയാലും ദുർഗതിയാണ് മൃതദേഹത്തിനും ബന്ധുക്കൾക്കും.
കഴിഞ്ഞ ആഴ്ചകളിൽ മെഡിക്കൽ കോളജിൽ ബന്ധുക്കളുമായുള്ള തർക്കം ഇതേ ചൊല്ലിയായിരുന്നു. പോസിറ്റിവ് കേസുകൾക്ക് ഈ വൈകിപ്പിക്കലിനെ അംഗീകരിക്കാമെങ്കിലും നെഗറ്റിവ് സ്ഥിരീകരിച്ചയാളുടെ മൃതദേഹം വിട്ടുനൽകാതെ പിടിച്ചുവെക്കുന്നത് എന്തിനെന്നായിരുന്നു ചോദ്യം ജീവനക്കാരും മറ്റുള്ളവരും ഇടപെട്ടാണ് പലപ്പോഴും തർക്കം പരിഹരിക്കുന്നത്.
മെഡിക്കൽ കോളജുകളിലോ സർക്കാർ ആശുപത്രികളിലോ കോവിഡ് പരിശോധന ഫലം രോഗികൾക്ക് കൈമാറുന്നില്ല. പുറത്ത് അനുമതി നൽകിയ സ്വകാര്യ ലാബുകളിൽ മണിക്കൂറുകൾക്കകം പരിശോധന റിപ്പോർട്ട് നേരിട്ട് ലഭിക്കും. മെഡിക്കൽ കോളജിൽ ഈ സൗകര്യം ലഭ്യമല്ലാത്തത് നെഗറ്റിവ് ആയ ആളുകളെ കൂടി വലക്കുന്നതാണ്. പരിശോധന നടത്തിയവർക്ക് കാണിക്കാൻ ഒരു രേഖയും നൽകുന്നില്ല. ഇതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.