തൃശൂർ: തയ്യൽ മെഷീനും മറ്റ് സാധനങ്ങളും ഉടമയുടെ അനുമതിയില്ലാതെ എടുത്തുകൊണ്ടുപോയത് മോഷണമല്ലെന്ന് പൊലീസ് പറഞ്ഞത് തെളിവുകളുടെ അടിസ്ഥാനത്തിലാണോയെന്ന് മനുഷ്യാവകാശ കമീഷൻ. മോഷണത്തെക്കുറിച്ച് പരാതി നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും അന്വേഷിക്കാത്തത് പൊലീസിന്റെ വീഴ്ചയായി കമീഷൻ നിരീക്ഷിച്ചു. ഒരു മാസത്തിനകം അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി വാടാനപ്പിള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് നിർദേശം നൽകി. തളിക്കുളം വലിയകത്ത് വീട്ടിൽ വി.വി. അബ്ദുൽ റസാക്ക് സമർപ്പിച്ച പരാതിയിലാണ് നടപടി.
അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കടയിൽനിന്നു തയ്യൽ മെഷീൻ ഉൾപ്പെടെ സാധനങ്ങൾ കുറ്റൂർ സ്വദേശി എടുത്തുകൊണ്ടുപോയെന്നാണ് പരാതി. വാടാനപ്പള്ളി എസ്.എച്ച്.ഒയിൽനിന്നു കമീഷൻ റിപ്പോർട്ട് വാങ്ങി. തയ്യൽ മെഷീനും മറ്റ് സാധനങ്ങളും എടുത്തുകൊണ്ടുപോയത് മോഷണമല്ലെന്നും കടമുറി ഒഴിയുന്നതുമായി ബന്ധപ്പെട്ട സിവിൽ തർക്കമാണെന്നും ബോധ്യപ്പെട്ടതിനാൽ കോടതി മുഖേന പരിഹാരം കാണാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഷട്ടറിന്റെ പൂട്ടുപൊളിച്ച് അതിക്രമിച്ച് കയറിയാണ് സാധനങ്ങൾ മോഷ്ടിച്ചതെന്ന് പരാതിക്കാരൻ കമീഷനെ അറിയിച്ചു. കടമുറി സംബന്ധിച്ച് സിവിൽ കേസുകൾ നിലവിലില്ലെന്നും പരാതിക്കാരൻ കമീഷനെ അറിയിച്ചു. വാടാനപ്പള്ളി ഇൻസ്പെക്ടറുടെ റിപ്പോർട്ട് തെളിവുകളുടെ അടിസ്ഥാനത്തിലല്ലെന്നും കമീഷൻ നിരീക്ഷിച്ചു. 2021 മാർച്ച് 20ന് പരാതിക്കാരൻ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാൻ പൊലീസ് തയാറാകേണ്ടതായിരുന്നുവെന്ന് ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.