കുന്നംകുളം: താലൂക്ക് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയിൽ 48കാരന്റെ ജീവൻ പൊലിഞ്ഞത് വിവാദമാകുന്നു. കുന്നംകുളം ഇന്ദിര നഗർ സ്വദേശി കാണിപ്പയ്യൂർ വീട്ടിൽ സുധീഷിന്റെ മരണത്തിന് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായതോടെ സൂപ്രണ്ടിൽനിന്ന് നഗരസഭ വിശദീകരണം തേടി. നെഞ്ചുവേദനയെ തുടർന്നാണ് കഴിഞ്ഞദിവസം പുലർച്ച രണ്ടോടെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സുധീഷിനെ എത്തിച്ചത്.
രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞത് കണ്ടെത്തി ആശുപത്രി ജീവനക്കാർ സി.പി.ആർ നൽകി ഓക്സിജൻ നില 90 ആക്കി ഉയർത്തി. വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനായി ബന്ധുക്കൾ ശ്രമിച്ചപ്പോൾ താലൂക്ക് ആശുപത്രിയിലെ രണ്ട് ആംബുലൻസും വിട്ടുനൽകാതെ മറ്റൊരാശുപത്രിയിൽനിന്ന് വന്ന ഓക്സിജൻ സൗകര്യമില്ലാത്ത ആംബുലൻസിൽ സുധീഷിനെയും ഭാര്യെയയും ആശുപത്രി ജീവനക്കാർ കയറ്റിവിടുകയായിരുന്നു. ആംബുലൻസ് നഗരത്തിൽനിന്ന് വിടുംമുമ്പേ സുധീഷ് മരണത്തിന് കീഴടങ്ങി. സ്വകാര്യആശുപത്രിയിൽ നഴ്സായ ഭാര്യ മാത്രമാണ് ആംബുലൻസിൽ സുധീഷിനൊപ്പം ഉണ്ടായിരുന്നത്. ഇവർ സി.പി.ആർ നൽകുകയും മൗത്ത് ഓക്സിജൻ നൽകുകയും ചെയ്തെങ്കിലും സുധീഷ് മരിച്ചിരുന്നു.
എല്ലാ സൗകര്യങ്ങളുമുള്ള രണ്ട് ആംബുലൻസുകൾ ആശുപത്രി വളപ്പിൽ ഉണ്ടായിട്ടും ഓക്സിജൻപോലുമില്ലാത്ത ആംബുലൻസിൽ ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവർത്തകരെ വിട്ടുനൽകാതെ താലൂക്ക് ആശുപത്രി ജിവനക്കാർ സുധീഷിനെ യാത്രയാക്കിയത് മരണത്തിലേക്കായിരുന്നെന്ന് കോൺഗ്രസ് കൗൺസിലർ ഷാജി ആലിക്കൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചോദ്യം ചെയ്തെങ്കിലും സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചെന്ന് പറഞ്ഞ് ചെയർപേഴ്സൻ തടിതപ്പി. വിവിധ രാഷ്ട്രീയ കക്ഷികൾ പ്രതിഷേധവുമായി വന്നുതുടങ്ങിയതോടെ സംഭവം ഏറെ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.