മുളങ്കുന്നത്തുകാവ്: പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല കവർന്നയാൾ അറസ്റ്റിൽ. തിരൂർ കിഴക്കേ അങ്ങാടി ആലപ്പാടൻ വീട്ടിൽ ജോഷിയുടെ ഭാര്യ സീമയുടെ രണ്ടര പവന്റെ മാല കവർന്ന കേസിലെ പ്രതി ‘കൂമൻ ജോളി’ എന്ന് വിളിക്കുന്ന മലയാറ്റൂർ നീലേശ്വരം പുതുശേരി വീട്ടിൽ ജോളി വർഗീസാണ് (44) പിടിയിലായത്.
ജനുവരി 24ന് പുലർച്ചെ 5.45നാണ് അടുക്കളയിൽ ചക്ക വെട്ടുന്നതിനിടെ വീട്ടമ്മയെ പിറകിൽനിന്നും മുഖം പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്തത്. മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാവിന്റെ വിരലിൽ വീട്ടമ്മ കടിക്കുകയും വിരൽ വലിച്ചെടുക്കുന്നതിനിടെ വീട്ടമ്മയുടെ ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
പരിസരത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മുമ്പും പല കേസിലും പ്രതിയായ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച് കുടുക്കുകയുമായിരുന്നു. കവർച്ചക്ക് ശേഷം പരിസരത്ത് ചുറ്റിക്കറങ്ങിയ മോഷ്ടാവ് തിരൂർ പള്ളിയിൽ രാവിലെ കുർബാനക്ക് എത്തിയവർക്കിടയിൽ ഉണ്ടായിരുന്നു.
വിയ്യൂർ പൊലീസും സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ സിറ്റി കമീഷണറുടെ കീഴിലുള്ള പ്രേത്യക സംഘവും ചേർന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഒരാഴ്ചക്കകം മോഷ്ടാവിനെ മലയാറ്റൂർ മുണ്ടങ്ങമറ്റത്തുനിന്നും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.