തൃശൂർ: പിതാവ് മരിച്ചത് ബാങ്കിനെ അറിയിക്കാതെ അക്കൗണ്ടിൽനിന്ന് വൻ തുക പിൻവലിച്ച സംഭവത്തിൽ മകന്റെയും കുടുംബാംഗങ്ങളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കൊടുങ്ങല്ലൂര്‍ മാടവന ചുള്ളിപ്പറമ്പില്‍ ഹനീഫയുടെ മകന് ഫൈസല്‍ (47), ഭാര്യ സനീറ (40), മകൻ നബീൽ (20) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജില്ല സെഷൻസ് ജഡ്ജി പി.എൻ. വിനോദ് തള്ളിയത്.
പിതാവിന്റെ പേരില്‍ വിവിധ ബാങ്കുകളിലുള്ള അക്കൗണ്ടുകളില്‍നിന്ന് എ.ടി.എം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, പിതാവ് നേരത്തേ ഒപ്പിട്ടുവെച്ച ചെക്ക് ലീഫ് എന്നിവ ഉപയോഗിച്ച് പിതാവിന്റെ മരണശേഷം വന്‍തോതിൽ തുക പിന്‍വലിച്ച് സ്വന്തം ആവശ്യത്തിന് ചെലവാക്കുകയായിരുന്നു.
ഫൈസലിനൊപ്പം താമസിച്ചിരുന്ന പിതാവിന്റെ ചികിത്സക്ക് ഉപയോഗിക്കാൻ പിതാവിന്റെ പേരില്‍ വിവിധ ബാങ്കുകളിലുള്ള സേവിങ്സ് അക്കൗണ്ടുകളിലെ തുക സഹോദരന്റെ അനുവാദത്തോടെ അദ്ദേഹത്തിന്റെ എ.ടി.എം കാര്‍ഡും ഒപ്പിട്ടുവെച്ച ചെക്ക് ലീഫും ഉപയോഗിച്ച് പിന്വലിക്കാറുണ്ടായിരുന്നു. എന്നാല്‍, പിതാവിന്റെ മരണശേഷം വിവരം ബാങ്കില്‍ അറിയിക്കാതെ വീണ്ടും പിന്‍വലിക്കുകയായിരുന്നു.
വന്‍തോതിൽ തുക പിന്‍വലിച്ചെന്നും ഇതില്‍ തനിക്കും അവകാശമുള്ളതാണെന്നും ആരോപിച്ച് ഫൈസലിന്റെ സഹോദരന് നൽകിയ പരാതിയിലാണ് കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തത്. തുടര്‍ന്നാണ് ജില്ല സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
പിതാവിന്റെ മരണവിവരം ബാങ്കിനെ അറിയിക്കാതെ അക്കൗണ്ടില്‍നിന്ന് സഹോദരനുകൂടി അവകാശപ്പെട്ട തുക തട്ടിയെടുത്ത കേസിലെ പ്രതികള്‍ക്ക് ഒരുകാരണവശാലും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.