അന്തിക്കാട്: വഴിയരികിൽനിന്ന് കിട്ടിയ രണ്ട് പവൻ സ്വർണാഭരണം ഉടമയെ കണ്ടെത്തി നൽകി കുട്ടികളുടെ മാതൃക. അന്തിക്കാട് പുത്തൻകോവിലകം കടവ് സ്വദേശികളും കൂട്ടുകാരുമായ കിഴക്കിനേയത്ത് നിരഞ്ജൻ ഗാർഗി (12), പുതിയ വീട്ടിൽ അബ്ബാസിന്റെയും ഷാഹിനയുടെയും മക്കളായ മുഹമ്മദ് അൻസിൻ (11), മുഹമ്മദ് സഹൽ (എട്ട്) എന്നിവരാണ് വീണുകിട്ടിയ പാദസരം ഉടമക്ക് കൈമാറിയത്.
അന്തിക്കാട് ശ്രീകാർത്യായനി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കല്ലിപറമ്പിൽ ആഷിക്കിന്റെ ഭാര്യ ഷാക്കിറയുടെ പാദസരമാണ് നഷ്ടപ്പെട്ടിരുന്നത്. ബുധനാഴ്ച വൈകീട്ട് ട്യൂഷന് പോകുമ്പോൾ അൻസിനാണ് റോഡരികിൽ ആഭരണം കണ്ടത്. തുടർന്ന് അൻസിനും അനുജൻ സഹലും നിരഞ്ജനും ചേർന്ന് ഉടമയെ തേടി സമീപത്തെ വീടുകൾ കയറിയിറങ്ങി.
കുട്ടികൾ ആഷിക്കിന്റെ വീട്ടിലെത്തിയപ്പോഴാണ് ഷാക്കിറക്ക് പാദസരം നഷ്ടപ്പെട്ടത് മനസ്സിലായത്. വിവരമറിഞ്ഞ് കുട്ടികളുടെ രക്ഷിതാക്കളും അയൽവാസികളും അഭിനന്ദനവുമായി എത്തി. അവരുടെ സാന്നിധ്യത്തിൽ മൂവരും ചേർന്ന് ഷാക്കിറക്ക് പാദസരം കൈമാറി. അന്തിക്കാട് ശ്രീകാർത്യായനി ക്ഷേത്ര സമിതി വൈസ് പ്രസിഡന്റ് കെ. ഗോപാലൻ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.