തൃശൂർ: സി.പി.എം ജില്ല സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിലെ അംഗങ്ങളിൽ പലരും ഭരണ-ഔദ്യോഗിക ചുമതലകൾ വന്ന സാഹചര്യം പരിഗണിച്ച് യുവനിരയെ നേതൃതലത്തിലേക്ക് കൊണ്ടുവരാനുമാണ് നീക്കം.
സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ജില്ല ആസ്ഥാനം കേന്ദ്രീകരിച്ച് 'സെൻറർ' ആയി പ്രവർത്തിച്ചിരുന്നവരിൽ പി.കെ. ഡേവീസ് ജില്ല പഞ്ചായത്ത് പ്രസിഡൻറും പി.കെ. ഷാജൻ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയും ആയി. യു.പി. ജോസഫ്, കെ.വി. അബ്ദുൽ ഖാദർ, ബാബു പാലിശേരി എന്നിവരാണ് പിന്നെയുള്ളത്.
ഇതിൽ തെരഞ്ഞെടുപ്പ് ചുമതലകൾക്കൊപ്പം ചാലക്കുടിയിൽ കൂടുതൽ കേന്ദ്രീകരിക്കാൻ നിർദേശം എത്തിയതോടെ യു.പി. ജോസഫ് പ്രവർത്തനം അവിടേക്ക് മാറ്റി. ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് ബാബു പാലിശേരി കുന്നംകുളം കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തനം. കെ.വി. അബ്ദുൽ ഖാദർ തെരഞ്ഞെടുപ്പ് കാലത്ത് ഗുരുവായൂർ, ചാവക്കാട് മേഖലകളിൽ ശ്രദ്ധിച്ചിരുന്നതിനാൽ സെൻറർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം കുറഞ്ഞു.
ലോക് ഡൗൺ സാഹചര്യത്തിൽ കമ്മിറ്റികളുടെ പ്രവർത്തനം ഓൺലൈനിലേക്ക് മാറിയിരുന്നതിനാൽ സെൻററിൽ ആളില്ലാത്തത് ബാധിച്ചിരുന്നില്ല. കഴിഞ്ഞ ശനിയും ഞായറുമായിട്ടാണ് ഇടവേളക്ക് ശേഷം മുഴുവൻ ആളുകളുമെത്തിയ ജില്ല കമ്മിറ്റി യോഗങ്ങളടക്കമുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായത്. പഞ്ചായത്ത് അംഗം മുതലുള്ളവർക്ക് പിടിപ്പത് ചുമതലകളാണ് ഇപ്പോൾ. സമ്മേളനങ്ങളിലേക്ക് കടക്കുകയായതിനാൽ ഇപ്പോൾ സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കേണ്ടതുണ്ടോയെന്ന ചർച്ചയും നടക്കുന്നുണ്ട്. നേതാക്കൾ ഔദ്യോഗിക തിരക്കുകളിലേക്ക് മാറിയ സാഹചര്യത്തിൽ സംഘടനാ ചുമതലകൾ നിർവഹിക്കുന്നതിലെ സമയപ്രശ്നം വല്ലാതെ അലട്ടുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കുന്നതിൽ ആലോചിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം ഇപ്പോൾതന്നെ തുടങ്ങാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.