മാപ്രാണം: മുരിയാട് കായലില്‍ മാടായിക്കോണം ചാത്തൻ മാസ്റ്റര്‍ റോഡില്‍ കെ.എല്‍.ഡി.സി കനാലിൽ നീരൊഴുക്ക് തടസ്സപ്പെട്ടു. റോഡിന് കുറുകെയുള്ള പാലത്തിനടിയില്‍ ചണ്ടിയും പുല്ലും ഒഴുകിവന്ന് സ്ലൂയിസ് ക്രോസ് ബാറില്‍ തടഞ്ഞുനില്ക്കുന്നതാണ് പ്രശ്നം. തൊമ്മാനയില്നിന്ന് ആരംഭിക്കുന്ന കെ.എല്‍.ഡി.സി കനാല്‍ കോന്തിപുലം തോടില്‍ വന്നുചേരുന്ന ഭാഗത്താണ് നീരൊഴുക്ക് തടസ്സപ്പെട്ടത്.
കനാലില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന കുളവാഴകളും ചണ്ടിയും നീക്കാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. നീരൊഴുക്ക് തടസ്സപ്പെട്ടതിനാല്‍ താഴ്ന്ന പാടശേഖരങ്ങളിലെ വെള്ളക്കെട്ട് തുടരുകയാണ്. മുരിയാട് കൃഷിഭവന് കീഴിലെ പോട്ടുപാടം പാടശേഖരത്തില്‍ 10 ഏക്കറോളം സ്ഥലത്താണ് ഒരടിയോളം ഉയരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്. മഴ മാറിയെങ്കിലും വെള്ളക്കെട്ട് നീങ്ങാത്തതിനാല്‍ ഞാറുനട്ടതെല്ലാം ചീഞ്ഞുപോകുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
ഞാറുനട്ട സ്ഥലങ്ങളിലും ഞാറിനായി വിത്തുപാകിയ നിലങ്ങളിലുമെല്ലാം വെള്ളക്കെട്ടാണ്. ഹരിതശ്രീ പാടശേഖരത്തില്‍ കൃഷിക്കായുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെങ്കിലും വെള്ളം ഇറങ്ങിപ്പോകാത്തതിനാല്‍ കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
മഴ ശക്തമാകുമ്പോൾ അധികജലം തൊമ്മാനയില്നിന്ന് തുടങ്ങുന്ന കെ.എല്‍.ഡി.സി കനാല്‍ വഴിയാണ് കരുവന്നൂര്‍ പുഴയിലേക്ക് എത്തിച്ചേരുന്നത്. പ്രളയം രൂക്ഷമായി ബാധിക്കാത്ത കാലത്തും ഈ പ്രദേശത്ത് വെള്ളം പൊങ്ങുകയും ആനുരുളി, മുരിയാട് റോഡ്, നമ്പ്യങ്കാവ് ആനന്ദപുരം ബണ്ട് റോഡ്, ചാത്തന് മാസ്റ്റര്‍ റോഡ് എന്നിവ വെള്ളത്തിനടിയിലാകാറുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.