തൃശൂർ: ജില്ലയിലെ ഓരോ വോട്ടറും ഇനി വി.ഐ.പി. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ല ഭരണകൂടം നടത്തുന്ന ‘സ്വീപ്’ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആൻഡ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്‍) പ്രചാരണ ഭാഗമായി രൂപവത്കരിച്ച ജില്ലയുടെ ടാഗ് ലൈന്‍ ‘വി.ഐ.പി’യുടെ ലോഗോ പ്രകാശനം ഫുട്ബാള്‍ താരം ഐ.എം. വിജയന്, കലക്ടര്‍ വി.ആര്. കൃഷ്ണ തേജക്ക് നല്കി നിര്‍വഹിച്ചു.
ജനാധിപത്യത്തില്‍ വോട്ട് ചെയ്യാൻ അവകാശമുള്ള ഓരോരുത്തരും വി.ഐ.പിയാണെന്നും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടവകാശ വിനിയോഗത്തിന് എല്ലാവരും സഹകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. വിവേചനമില്ലാതെ എല്ലാവരെയും തുല്യരായി പരിഗണിക്കുന്ന വി.ഐ.പി എന്ന ആശയം സ്വാഗതാര്‍ഹമാണെന്ന് ഐ.എം. വിജയന് പറഞ്ഞു.
സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസി. കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ജ്യോതി, മറ്റ് ഡെപ്യൂട്ടി കലക്ടര്‍മാരായ ഡി. അമൃതവല്ലി, അതുല്‍ എസ്. നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
‘വോട്ട് ഈസ് പവര്‍ ആൻഡ് വോട്ടര്‍ ഈസ് പവര്‍ഫുള്‍’, ‘വോട്ട് ചെയ്യൂ വി.ഐ.പി ആകൂ’ എന്ന ആശയമാണ് കാമ്പയിന് ഉയര്‍ത്തുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും നവ വോട്ടര്‍മാരെയും വോട്ടിങ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലാണ് ടാഗ് ലൈന്‍ രൂപവത്കരിച്ചത്.
ട്രാന്‍സ്ജെന്‍ഡര്‍, മത്സ്യത്തൊഴിലാളികള്‍, ട്രൈബല്‍ മേഖലയില്‍ ഉള്ളവര്‍, വയോജനങ്ങള്‍, 18 പൂര്‍ത്തിയായവർ, തീരദേശവാസികള്‍ ഉള്‍പ്പെടെയുള്ളവരെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ മുന്നോട്ട് എത്തിക്കുകയാണ് വി.ഐ.പി കാമ്പയിന്റെ ലക്ഷ്യം.
കലക്ടറാണ് ആശയത്തിന് പിന്നിൽ. വോട്ട് ചെയ്യാന്‍ അധികാരമുള്ള ഓരോ പൗരനുമാണ് യഥാര്‍ഥത്തില്‍ വി.ഐ.പിയെന്നും ജനാധിപത്യ പ്രക്രിയയില്‍ ഓരോ സമ്മതിദായകരും വഹിക്കുന്ന കര്‍ത്തവ്യം എത്രത്തോളമാണെന്ന ആശയവുമാണ് കാമ്പയിന് മുന്നോട്ടുവെക്കുന്നത്. നഗരം, തീരദേശം, ട്രൈബല്‍, മുതിര്‍ന്ന പൗരര്‍, ഭിന്നശേഷി, ട്രാന്‍സ്ജെന്‍ഡര്‍, യുവജനങ്ങള്‍ തുടങ്ങി വിവിധ മേഖലകളായി തിരിച്ചാണ് ജില്ലയില്‍ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാന്‍ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.
ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ജില്ലതലത്തിലും ഓരോ എ.ആര്.ഒമാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തിലും വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ജനാധിപത്യ സംവിധാനത്തിലെ സുതാര്യത ഉറപ്പാക്കുന്നതില്‍ മായ്ക്കപ്പെടാത്ത മഷി എന്ന അര്‍ഥം വരുന്ന ‘ഇന്‍ഡെലിബില്‍ ഇങ്ക്’ വഹിക്കുന്ന പങ്കിന്റെ ആശയം ഉറപ്പിക്കുന്ന തരത്തിലാണ് വി.ഐ.പി ലോഗോയുടെ രൂപകല്പന. വി എന്ന വലിയ ഇംഗ്ലീഷ് അക്ഷരം വോട്ടിങ് മഷിയുടെ നിറത്തിലും ഐ, പി എന്നീ അക്ഷരങ്ങള്‍ ഇളം പച്ച നിറത്തിലുമാണ് ആലേഖനം ചെയ്തിരിക്കുന്നത്. പബ്ലിക് എന്ന അര്‍ഥം വരുന്ന പി അക്ഷരം ചൂണ്ടുവിരലില്‍ വോട്ടിങ് മഷി പുരട്ടിയ മാതൃകയിലാണ്.
2023 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ഡ്രാഫ്റ്റ് പ്രകാരം 18 -19 വയസ്സുള്ള വോട്ടര്‍മാര്‍ 4658 ആയിരുന്നു. എന്നാല്‍, ജനുവരിയില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ 35,551 ആയി ഉയര്‍ന്നു. മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം ഇത് 40,404 ആയി. 767 ശതമാനമാണ് വർധന.
ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘടിപ്പിച്ച 83 രജിസ്ട്രേഷന് ക്യാമ്പുകള്‍ മുഖേനയും വില്ലേജ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം നടത്തിയ ക്യാമ്പുകളിലൂടെയുമാണ് ഈ നോട്ടം കൈവരിക്കാനായത്. വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് മുഖേനയും voters.eci.gov.in വെബ്സൈറ്റ് വഴിയും വോട്ടര്‍മാര്‍ക്ക് തങ്ങളുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടതായി പരിശോധിക്കാം.
വി.ഐ.പി കാമ്പയിന്റെ വിഡിയോ ലോഞ്ച് തിങ്കളാഴ്ച രാവിലെ 10.30ന് കിലയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
ജില്ലയിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം ഉദ്ഘാടനവും നിര്‍വഹിക്കും.
തൃശൂര്‍: നടൻ സുരേഷ് ഗോപിക്ക് തൃശൂർ ലോക്സഭ മണ്ഡലത്തിൽ പോരാട്ടത്തിന്റെ രണ്ടാമങ്കം. 2019ല്‍ തൃശൂർ ലോക്സഭ സീറ്റിൽ മത്സരിച്ച് തോറ്റ സുരേഷ് ഗോപി 2021ൽ നിയമസഭയിലേക്കും തൃശൂരിൽനിന്ന് മത്സരിച്ചൂ. 2016 മുതല്‍ 2022 വരെ രാജ്യസഭ എം.പിയായിരുന്നു.
രാജ്യസഭാംഗം എന്ന നിലയിലും മറ്റുമായി മണ്ഡലത്തിൽ സ്ഥിരസാന്നിധ്യമാണ്. ഞായറാഴ്ച തൃശൂരിലെത്തുന്ന സുരേഷ്ഗോപിക്ക് ജില്ല കമ്മിറ്റി സ്വീകരണം ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്ച സ്വരാജ് റൗണ്ടിൽ റോഡ്ഷോ നടക്കും. 1958 ജൂണ്‍ 26ന് കൊല്ലത്ത് കെ. ഗോപിനാഥന് പിള്ള -വി. ജ്ഞാനലക്ഷ്മി ദമ്പതികളുടെ നാല് മക്കളില്‍ മൂത്തയാളായി ജനനം. കൊല്ലം ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ സ്കൂൾ, കൊല്ലം ഫാത്തിമ മാതാ കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്.
1965ല്‍ ‘ഓടയില്‍ നിന്ന്’ സിനിമയില്‍ ബാലതാരമായാണ് അരങ്ങേറിയത്. 250ലേറെ സിനിമകളില്‍ അഭിനയിച്ചു. മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. രാധികയാണ് ഭാര്യ. കുടുംബം തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലാണ് താമസം. അഞ്ച് മക്കള്‍: ഗോകുല്‍, ഭാഗ്യ, ലക്ഷ്മി, മാധവ്, ഭാവ്നി. ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോള്‍ വാഹനാപകടത്തില്‍ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.