തൃശൂർ: തൃശൂർ നഗരത്തിൽ ഡ്രൈവറെ മർദിച്ച് ഓട്ടോറിക്ഷ തട്ടിയെടുത്ത് കടന്ന സംഘത്തെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്. ഒല്ലൂർ വളർക്കാവ് ഞാണേങ്ങാട്ടിൽ വീട്ടിൽ കിരണാണ് (32) വാഹനം ഓടിച്ചിരുന്നത്.
ഇരിങ്ങാലക്കുട മണക്കലശ്ശേരി ആളൂർ വീട്ടിൽ ഹരിരത്തൻ (37), ചിയ്യാരം വടൂക്കര പുതുശ്ശേരി തെക്കലത്തിൽ വീട്ടിൽ മുഹമ്മദ് (44), നെടുപുഴ കണിമംഗലം കോട്ടമ്പുള്ളി വീട്ടിൽ കെ.എസ്. ശ്രീനി (34), ഇരിങ്ങാലക്കുട കാട്ടൂർ പള്ളിയിൽ വീട്ടിൽ ലിനേഷ് (40) എന്നിവരെയാണ് ടൗൺ ഈസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി എം.ജി റോഡിലെ ബാറിനു സമീപത്തുനിന്ന് നാലംഗസംഘം ആമ്പല്ലൂർ ഭാഗത്തേക്ക് ഓട്ടോ വാടകക്ക് വിളിച്ചു. ആവശ്യപ്പെട്ടതനുസരിച്ച് മരത്താക്കര കാർ ഷോറൂമിന് സമീപം വാഹനം നിർത്തിയതോടെ കിരണിനെ മർദിക്കുകയായിരുന്നു. കിരൺ കുതറിയോടിയതോടെ സംഘം ഓട്ടോയുമായി കടന്നു. വിവിധ സ്ഥലങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചും ഓട്ടോ പാലക്കാട് ഭാഗത്തേക്ക് കൊണ്ടുപോയതായി പൊലീസ് സ്ഥിരീകരിച്ചു.
കണ്ണാടി മണലായിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തുനിന്ന് ഓട്ടോ കണ്ടെത്തി. ഈ സമയത്ത് ഒരാൾ വാഹനത്തിലും മൂന്നുപേർ തൊട്ടടുത്ത് നിലത്തും കിടന്നുറങ്ങുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു. ഓട്ടോയുടെ മുന്നിലെ നമ്പർ പ്ലേറ്റ് ഊരിക്കളഞ്ഞ നിലയിലും പിറകിലെ പ്ലേറ്റ് ഇടതുഭാഗം കേടുവരുത്തിയ നിലയിലുമായിരുന്നു.
ഒന്നാം പ്രതി ഹരിരത്തൻ മറ്റ് നാല് ക്രിമിനൽ കേസിലും പങ്കാളിയാണ്. മുഹമ്മദും ശ്രീനിയും ഓരോ കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഈസ്റ്റ് പൊലീസ് എസ്.ഐ എ.ആർ. നിഖിൽ, സി.പി.ഒമാരായ ബിനു, ജോസ്, ലിജിമോൻ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.