അന്തിക്കാട്: കാണാതായ അന്തിക്കാട് കല്ലിടവഴി ചോണാട്ടിൽ അഖിലിന്റെ ഭാര്യയും മണലൂർ ആനക്കാട് കുന്നത്തുള്ളി വീട്ടിൽ പത്മനാഭന്റെ മകളുമായ കൃഷ്ണപ്രിയ (24), ഏകമകൾ പൂജിത (രണ്ട്) എന്നിവരെ പാലാഴി കനോലി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ ഭർതൃമാതാവിനെയും ഭർതൃസഹോദരനെയും അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. അഖിലിന്റെ സഹോദരൻ അഷിൽ, മാതാവ് അനിത എന്നിവരെയാണ് സി.ഐ വി.എസ്. വിനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 29ന് കാണാതായ യുവതിയെയും മകളെയും 30ന് പാലാഴി കനോലി കനാലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 29ന് ഉച്ചക്ക് രണ്ടോടെയാണ് കാഞ്ഞാണി ആനക്കാടുള്ള വീട്ടിൽനിന്ന് അന്തിക്കാട് കല്ലിടവഴിയിലുള്ള ഭർത്താവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് യുവതിയും കുഞ്ഞും പോയത്. രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭർത്താവ് അഖിൽ അന്തിക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് രാത്രിയിലും അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കനോലി കനാലിൽ കണ്ടെത്തിയത്. കാഞ്ഞാണിയിലെ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായ കൃഷ്ണപ്രിയയുടെ വിവാഹം നാലുവർഷം മുമ്പായിരുന്നു. വിവാഹത്തിനുശേഷം ഭർതൃസഹോദരനും മാതാവും സ്ത്രീധനം പോരെന്ന് പറഞ്ഞ് നിരന്തരം മകളെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കാണിച്ച് കൃഷ്ണപ്രിയയുടെ മാതാവ് ഷൈലജ അന്തിക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു.
പീഡനം സഹിക്കവയ്യാതെ 50,000 രൂപ കടം വാങ്ങി നൽകിയിരുന്നു. ഇതുപോരെന്ന് പറഞ്ഞതോടെ വായ്പ എടുത്തും പണം നൽകി. എന്നിട്ടും മാനസികമായുള്ള പീഡനം തുടരുകയായിരുന്നു. പീഡനം സഹിക്കവയ്യാതെയാണ് മകൾ കുഞ്ഞിനെയും കൊണ്ട് കടുംകൈ ചെയ്തതെന്നും ഷൈലജ പറയുന്നു. അഖിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തി കൃഷ്ണപ്രിയയുടെ ഭർതൃ സഹോദരനെയും ഭർതൃമാതാവിനെയും അറസ്റ്റ് ചെയ്തത്.
സി.ഐക്ക് പുറമെ എസ്.ഐ അരുൺകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ രാജി, മുരുകദാസ്, അമൽ കൃഷ്ണദാസ് എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.