ഒല്ലൂര്‍ (തൃശൂർ): പുത്തൂര്‍ സൂവോളജിക്കല്‍ പാര്‍ക്കിലേക്ക് ഒക്ടോബറിൽ മൃഗങ്ങളെ എത്തിച്ചുതുടങ്ങുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. റവന്യൂ മന്ത്രിയും സ്ഥലം എം.എൽ.എയുമായ കെ. രാജനൊപ്പം പാർക്കിലെ നിർമാണ പുരോഗതി പരിശോധിച്ച ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പാർക്കിെൻറ രണ്ടാംഘട്ടം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കും.
ജൂലൈയില്‍ കേന്ദ്ര സൂ അതോറിറ്റി പ്രതിനിധി ലക്ഷ്മി നരസിംഹം സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതിയിൽ തൃപ്തി അറിയിച്ചിരുന്നു. അതോറിറ്റിയുടെ അടുത്ത യോഗത്തില്‍ അംഗീകാരമായാൽ മൃഗങ്ങളെ മാറ്റാൻ നടപടിയാവും.
പാര്‍ക്കിലേക്കുള്ള ജലവിതരണ സംവിധാനങ്ങൾ തയാറായി. മൃഗാശുപത്രിയും മൃഗങ്ങൾക്ക് തീറ്റ ഒരുക്കാനുള്ള നാല് വലിയ അടുക്കളകളും പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബറില്‍ രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ചീങ്കണ്ണി, മാന്‍, കടുവ, പുലി, സിംഹം എന്നിവക്കുള്ള ആവാസം തയാറാവും.
മൃഗങ്ങളെ പാര്‍ക്കില്‍ എത്തിച്ചാലും പുതിയ ആവാസ വ്യവസ്ഥയുമായി ഇണങ്ങുന്നത് വരെ സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണമെന്നും ഫണ്ട് ഉപയോഗത്തില്‍ ഒന്നാം സ്ഥാനം പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനാണെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നതോടെ ഈ പ്രദേശത്തെ വികസന, സാമ്പത്തിക രംഗത്ത് വന്‍ മാറ്റങ്ങൾ ഉണ്ടാകും. സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളായ റോഡ്, വാഹന സൗകര്യം, മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെടുന്ന സര്‍ക്യൂട്ട് എന്നിവയും യാഥാര്‍ഥ്യമാക്കും.
സുവോളജിക്കല്‍ പാര്‍ക്കിൽനിന്നുള്ള വരുമാനം മാത്രമല്ല, അനുബന്ധ വ്യാവസായിക സാധ്യതകള്‍കൂടി ഉപയോഗപ്പെടുത്തി പുത്തൂര്‍ നിവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി രാജന് പറഞ്ഞു. പൂത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഉണ്ണികൃഷ്ണന്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ആര്. രവി, സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ കെ.എസ്. ദീപ തുടങ്ങിയവരും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.