തൃശൂർ: ജില്ലയിലെ ഉത്സവ എഴുന്നള്ളിപ്പുകളിൽ ക്ഷേത്ര മതിൽക്കകത്ത് മൂന്ന് ആനകളെ എഴുന്നള്ളിക്കാൻ ജില്ല നാട്ടാന നിരീക്ഷണ സമിതിയുടെ അനുമതി. അതേസമയം ക്ഷേത്ര മതിലിന് പുറത്ത് ഒരു ആനയെ മാത്രമേ എഴുന്നള്ളിക്കാനാവൂ. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് തീരുമാനമായത്.
മൂന്ന് ആനകളിൽ നിന്ന് ഒരാനയെ ആരാധനാലയ മതിൽക്കെട്ടിന് പുറത്ത് ആറാട്ട്, പള്ളിവേട്ട തുടങ്ങിയ ആചാരപരമായ ചടങ്ങുകൾക്ക് അനുവദിക്കും. കലക്ടർ അധ്യക്ഷയായ നാട്ടാന നിരീക്ഷണ സമിതിയാണ് ഉത്സവ എഴുന്നള്ളിപ്പുകളിൽ തീരുമാനമെടുത്തത്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കാൻ അനുമതി തേടി ദേവസ്വങ്ങളും ഉത്സവ സംഘാടകരും കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു. പാറമേക്കാവ് ക്ഷേത്രത്തിൽ ഉത്സവത്തിന് ഒമ്പത് ആനകളെ എഴുന്നള്ളിക്കാൻ അനുമതി തേടി അപേക്ഷ നൽകിയതും യോഗം പരിഗണിച്ചു.
നിലവിലെ സാഹചര്യത്തിൽ പരിഗണിക്കാനാവില്ലെന്ന് വിലയിരുത്തി അപേക്ഷ നിരസിച്ചു. എന്നാൽ നിലവിൽ ബി കാറ്റഗറിയിലാണ് ജില്ല. കോവിഡ് രോഗികളുടെ നിരക്കിൽ കുറവ് വന്നുവെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുകയോ കാറ്റഗറിയിൽ നിന്ന് മാറ്റുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഉത്സവ എഴുന്നള്ളിപ്പുകളിൽ കൂടുതൽ ആനകളെന്ന ആവശ്യം നിരാകരിച്ചതിന് കാരണം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതിനനുസരിച്ച് ജില്ല മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്ന് എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം സംബന്ധിച്ച് പുതിയ തീരുമാനമെടുക്കാമെന്ന് കലക്ടര്‍ ഹരിത വി. കുമാർ അറിയിച്ചു. വരവ് പൂരങ്ങൾക്ക് അനുമതിയില്ല.
ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി. സജീഷ് കുമാര്‍, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. ഉഷാറാണി, ജില്ല മെഡിക്കല്‍ ഓഫിസ് ടെക്നിക്കല്‍ അസി. ഗ്രേഡ് വിജയകുമാര്‍, കെ.എഫ്.സി.സി ജനറല്‍ സെക്രട്ടറി വത്സന് ചമ്പക്കര, ആന തൊഴിലാളി സംസ്ഥാന സെക്രട്ടറി പി.എം. സുരേഷ്, ജോ. സെക്രട്ടറി മഹേഷ്, അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങള്‍, കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന് അംഗങ്ങള്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.