ചെന്ത്രാപ്പിന്നി: കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം മൂന്നംഗ വനിത കൂട്ടായ്മ വൃത്തിയാക്കി പൂ കൃഷി ചെയ്തപ്പോൾ വിളഞ്ഞത് നൂറുമേനി. ദേശീയപാതയോരത്ത് ചെന്ത്രാപ്പിന്നിയിലാണ് കാഴ്ചക്കാരുടെ മനം നിറച്ച് ചെണ്ടുമല്ലി പൂത്തുലഞ്ഞ് നിൽ ക്കുന്നത്.
മുൻ പഞ്ചായത്ത് അംഗമായിരുന്ന രത്നചന്ദ്രൻ, ആശ രാജൻ, ഗൗരി ശിവദാസൻ എന്നിവരാണ് എടത്തിരുത്തി കൃഷിഭവന്റെ സഹകരണത്തോടെ കൃഷിയിറക്കിയത്. ചാമക്കാല സ്വദേശി മൊയ്തീൻകുട്ടിയുടെ അരയേക്കറോളം സ്ഥലമാണ് കൃഷിക്ക് തെരഞ്ഞെടുത്തത്. വർഷങ്ങളായി കാടുപിടിച്ച് തരിശ് കിടന്നിരുന്ന സ്ഥലം വെട്ടി വൃത്തിയാക്കി നിലമൊരുക്കലായിരുന്നു ആദ്യ കടമ്പ.
നിലം തയാറായതോടെ കൃഷി ഭവനിൽനിന്ന് നൽകിയ 2500 ഹൈബ്രിഡ് തൈകൾ നട്ടുപിടിപ്പിച്ചു. ചാണകപ്പൊടിയും ഫാക്ടംഫോസും നൂട്രി മിക്സുമായിരുന്നു പ്രധാന വളം. മഴ കൃഷിക്ക് തടസ്സമാകുമോയെന്ന ആശങ്ക തുടക്കത്തിൽ ഉണ്ടായിരുന്നെങ്കിലും കാലാവസ്ഥ അനുകൂലമായത് കൃഷിക്ക് ഗുണകരമായി. രണ്ട് മാസത്തിന് ശേഷം മഞ്ഞയും ഓറഞ്ചും നിറത്തിൽ ചെണ്ടുമല്ലികൾ പൂത്തുലഞ്ഞതോടെ വനിത കൂട്ടായ്മയുടെ കഠിന പരിശ്രമവും വിജയം കണ്ടു.
കൃഷി ഓഫിസർ പി.സി. സചന, കൃഷി അസിസ്റ്റന്റ് വി.സി. സിജി എന്നിവരുടെ മേൽനോട്ടവും കൃഷിക്ക് ഉണ്ടായിരുന്നതായി കൂട്ടായ്മ അംഗങ്ങളിലൊരാളായ രത്ന ചന്ദ്രൻ പറഞ്ഞു. ഓണ വിപണി ലക്ഷ്യമിട്ടാണ് ഇവർ കൃഷിയിറക്കിയത്. അത്തത്തിന് വിളവെടുപ്പ് നടത്താനുള്ള തയാറെടുപ്പിലാണ് മൂവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.