തൃശൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി കോൺഗ്രസ് പാർട്ടിയുടെ ഓഫിസുകൾ മോടിയാക്കുന്നതിന്റെ ഭാഗമായി തൃശൂർ ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിന് കാവി നിറം അടിച്ചു. പാർട്ടി വൃത്തങ്ങളിൽനിന്നുതന്നെ രൂക്ഷമായ പ്രതികരണം ഉയർന്നതോടെ ബുധനാഴ്ച പുലർച്ചെ വേറെ പെയിന്റടിച്ചു. തൊഴിലാളികൾക്ക് അബദ്ധം പറ്റിയതാണ് എന്നാണ് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.
ബി.ജെ.പി ഓഫിസുകൾക്ക് സമാനമായ കാവി നിറമാണ് ആദ്യം അടിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയിന്റിങ് നടന്നിരുന്നു. ഈ ദിവസങ്ങളിൽ മുതിർന്ന നേതാക്കൾ അടക്കമുള്ളവർ യാത്രയുമായി ബന്ധപ്പെട്ട യോഗങ്ങൾക്കും മറ്റുമായി ഓഫിസിൽ വന്ന് പോയിട്ടും 'കാവി' ശ്രദ്ധിക്കുകയോ ഗൗരവമായി എടുക്കുകയോ ചെയ്തില്ല. ചൊവ്വാഴ്ച രാത്രി ചേർന്ന യോഗത്തിൽ ചില നേതാക്കൾ പെയിന്റിന്റെ നിറം ഉന്നയിച്ചപ്പോഴാണ് നേതാക്കൾ പരിഭ്രാന്തിയിലായത്. പിന്നാലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പ്രതിഷേധമറിയിച്ചു. ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പുകളിലടക്കം വിമർശനം ഉയരുകയും പെയിന്റ് വിഷയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് പലരിലേക്കും എത്തുകയും ചെയ്തതോടെ വേറെ നിറം അടിക്കുകയായിരുന്നു.
രാജ്യത്ത് പല ഭാഗത്തും കോൺഗ്രസ് നേതാക്കളടക്കം ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് ജില്ല കമ്മിറ്റി ഓഫിസിനെതന്നെ കാവിയാക്കിയതെന്നാണ് പാർട്ടിയുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ഉയർന്ന വിമർശനം. 'ഇത് ട്രയൽ ആണ്' എന്ന പരിഹാസവും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. അതേസമയം, തൊഴിലാളികൾക്ക് അബദ്ധം പറ്റിയതാണെന്നും ത്രിവർണം പെയിന്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ കാവി മാത്രം അടിച്ചതാണെന്നുമാണ് പാർട്ടി നേതാക്കളുടെ വിശദീകരണം. ശ്രദ്ധയിൽപ്പെട്ടതോടെ അത് മായ്ച്ച് വേറെ നിറം അടിപ്പിച്ചു. അതിനിടെ, 'പെയിന്റ്' വിവാദമാക്കിയതിന് പിന്നിൽ ചില നേതാക്കളാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഈ മാസം 22നാണ് പദയാത്ര ജില്ലയിൽ എത്തുന്നത്. 23ന് യാത്രക്ക് അവധിയാണ്. 24ന് ചാലക്കുടിയിൽനിന്ന് ആരംഭിച്ച് വൈകീട്ട് ആറിന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ പൊതുസമ്മേളനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.