തൃശൂർ: ജില്ലയിൽ ആര് ഭരിക്കണമെന്നും തോൽക്കണമെന്നും തീരുമാനിക്കുന്നതിൽ നിർണായകമാവുക വനിതാ വോട്ടർമാരും കന്നിവോട്ടർമാരും. അന്തിമ വോട്ടർപട്ടികയനുസരിച്ച് ജില്ലയിൽ 26,91,371 വോട്ടര്‍മാരാണുള്ളത്. 14,24,163 പേര് സ്ത്രീകളും 12,67,184 പേര് പുരുഷന്മാരും 24 പേര് ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.
കൂടാതെ 114 പ്രവാസികളും 18,089 കന്നിവോട്ടര്‍മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 9224 പുരുഷന്മാരും 8865 വനിതകളുമാണ് പുതിയ വോട്ടേഴ്സ് ലിസ്റ്റില്‍ കന്നിവോട്ടര്‍മാരായി ഉള്‍പ്പെട്ടിരിക്കുന്നത്. 26,91,371 വോട്ടർമാരിൽ 14,24,163 പേരും വനിതകളാണ്. കോര്‍പറേഷനിലും വനിതാ വോട്ടര്‍മാരാണ് കൂടുതല്‍. കോര്‍പറേഷനില്‍ 2,65,183 വോട്ടര്‍മാരില്‍ 1,39,803 പേരും വനിതകളാണ്. ജില്ലയിലെ 86 പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വനിത വോട്ടര്‍മാരുള്ള പഞ്ചായത്താണ് പാണഞ്ചേരി.
ആകെയുള്ള 40,452 വോട്ടര്‍മാരില്‍ 21,086 പേരും വനിതകളാണ്. എന്നാല്‍, ജില്ലയില്‍ ഏറ്റവുമധികം വോട്ടര്‍മാരുള്ളത് പൂത്തൂര്‍ പഞ്ചായത്തിലാണ്. 40,897 വോട്ടര്‍മാരാണ് പൂത്തൂരിലുള്ളത്. ഏഴു നഗരസഭകളിലും വനിതാ വോട്ടര്‍മാരാണ് കൂടുതല്‍. കൂടുതല്‍ വോട്ടര്‍മാരുള്ള ഗുരുവായൂര്‍ നഗരസഭയില്‍ 62,613 വോട്ടര്‍മാരില്‍ 33,560 പേര് വനിതകളാണ്.
കുഷ്ഠരോഗികള്‍ക്കായി രണ്ടു പ്രത്യേക ബൂത്തുകള്‍
തൃശൂർ: തെരഞ്ഞെടുപ്പിന് തയാറാക്കിയത് 3331 പോളിങ് സ്റ്റേഷനുകള്‍. കോര്‍പറേഷനില്‍ 55 വാര്‍ഡുകളിലായി 211 പോളിങ് ബൂത്തുകളുണ്ട്. നഗരസഭകളിൽ ഏറ്റവും കൂടുതല്‍ പോളിങ് ബൂത്തുകളുള്ളത് ഗുരുവായൂരിലാണ്. ഇവിടെ 43 വാര്‍ഡുകളിലായി 58 ബൂത്തുകളുണ്ട്. ചാലക്കുടി 36-37, ഇരിങ്ങാലക്കുട 41-43, കൊടുങ്ങല്ലൂര്‍ 44-46, ചാവക്കാട് 32-32, കുന്നംകുളം 37-38, വടക്കാഞ്ചേരി 41-42. നഗരസഭകളിലെ 274 വാര്‍ഡുകളില്‍ 296 പോളിങ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
86 പഞ്ചായത്തുകളില്‍ 1469 വാര്‍ഡുകളില്‍ 2824 പോളിങ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. പുതിയതായി 26 പോളിങ് ബൂത്തുകളുണ്ട്. 1600 വോട്ടര്‍മാരില്‍ കൂടുതല്വന്ന കോര്പറേഷന്, നഗരസഭ പരിധിയിലും 1300ലധികം വോട്ടര്‍മാരുള്ള പഞ്ചായത്തുകളിലുമാണ് പുതിയതായി പോളിങ് ബൂത്തുകള്‍ അനുവദിച്ചത്. കുഷ്ഠരോഗികള്‍ക്കായി രണ്ടു പ്രത്യേക പോളിങ് ബൂത്തുകളുണ്ട്.
കൊരട്ടി പഞ്ചായത്തില്‍ 388 വോട്ടര്‍മാര്‍ക്കായി തിരുമുടിക്കുന്ന് ഗാന്ധിഗ്രാമം ത്വഗ് രോഗാശുപത്രിയിലും നടത്തറയില്‍ 57 വോട്ടര്‍മാര്‍ക്ക് ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എ ബ്ലോക്കിലുമാണ് പോളിങ് ബൂത്തുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.