തൃശൂർ: ജില്ല ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലതല ഓണാഘോഷം 28 മുതൽ സെപ്റ്റംബർ ഒന്നുവരെ തേക്കിൻകാട് മൈതാനിയിൽ നടക്കും.
ഇതുസംബന്ധിച്ച ആലോചനയോഗം മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്നു. സി.എം.എസ് സ്കൂളിന് എതിർവശം പ്രത്യേകം തയാറാക്കുന്ന വേദിയിൽ എല്ലാ ദിവസവും കലാപരിപാടികൾ അരങ്ങേറും.
പ്രാദേശിക കലാകാരന്മാർക്കും കലാസംഘങ്ങൾക്കും മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളുടെയും പങ്കാളിത്തം ഉറപ്പാക്കും. മുൻ വർഷങ്ങളെക്കാൾ മികച്ച രീതിയിൽ ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കും.
വ്യാപാരി സംഘടനകളുമായി സഹകരിച്ച് നഗരവീഥികളും വ്യാപാര സ്ഥാപനങ്ങളും അലങ്കരിക്കും. സംസ്ഥാനതല വാരാഘോഷത്തിൽ ജില്ലയുടെ ഫ്ലോട്ട് പങ്കെടുക്കും. എം.എൽ.എമാരുടെ നേതൃത്വത്തിൽ മണ്ഡലം തലത്തിലും ജില്ലയിലെ അഞ്ച് ടൂറിസം ഡെസ്റ്റിനേഷനുകളിലും ഓണാഘോഷം സംഘടിപ്പിക്കും. ഇതിന്റെ തുടർച്ചയായാകും ജില്ലതല വാരാഘോഷം നടക്കുക.
സെപ്റ്റംബർ ഒന്നിന് പുലികളി അരങ്ങേറും. തൃശൂർ പൂരം പോലെത്തന്നെ ജില്ലയിലെ പ്രധാന ടൂറിസം ആകർഷണമാണ് പുലികളിയെന്നും കൂടുതൽ വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് വ്യാപകമായ പ്രചാരണവും പരസ്യങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു. പുലികളി കാണാനെത്തുന്നവരുടെ എണ്ണം വർധിക്കുകയും പുലികളി സംഘങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ സംഘങ്ങൾക്ക് സർക്കാർ കൂടുതൽ പ്രോത്സാഹനം നൽകും. ഇതിനായി കലക്ടറുടെ അധ്യക്ഷതയിൽ പുലികളി സംഘങ്ങളുടെ യോഗം ചേരും. പുലികളി സംഘങ്ങൾ സമയക്രമം പാലിച്ച് നഗരം ചുറ്റുന്നു എന്നുറപ്പാക്കുന്നതിന് കലക്ടറുടെ അധ്യക്ഷതയിൽ കോർപറേഷൻ അധികൃതരുടെയും പുലികളി സംഘങ്ങളുടെയും യോഗം വിളിച്ചുചേർക്കുന്നതിനും മന്ത്രി നിർദേശം നൽകി. വനിതകളുടെ പുലികളി സംഘങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്ന നിർദേശവും യോഗത്തിലുണ്ടായി. 12ന് ഉച്ചക്ക് 3.30ന് കലക്ടറേറ്റിൽ സംഘാടക സമിതി യോഗം ചേരും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, കലക്ടർ വി.ആർ. കൃഷ്ണ തേജ, സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകൻ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, റൂറൽ എസ്.പി ഐശ്വര്യ ഡോങ്ഗ്രേ, ഡി.ടി.പി.സി സെക്രട്ടറി ജോബി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
തൃശൂർ: പുലികളി സംഘങ്ങൾക്ക് സാമ്പത്തിക സഹായം വർധിപ്പിച്ച് തൃശൂർ കോർപറേഷൻ. ഈ വർഷത്തെ പുലികളി മഹോത്സവത്തിൽ പങ്കെടുക്കുന്ന സംഘങ്ങൾക്ക് നിലവിൽ അനുവദിച്ചിരുന്ന തുകയിൽനിന്ന് 25 ശതമാനം വർധിപ്പിച്ചതായി മേയർ എം.കെ. വർഗീസ് അറിയിച്ചു.
രണ്ടു ലക്ഷമാണ് നിലവിൽ ടീമുകൾക്ക് അനുവദിച്ചിരുന്നത്. ഇത് രണ്ടര ലക്ഷമാകും. നിലവില്‍ അഞ്ച് ടീമുകള്‍ പുലികളിക്കായി സന്നദ്ധത പ്രകടിപ്പിച്ച് കോർപറേഷനെ സമീപിച്ചിട്ടുണ്ട്. നാലോണ നാളിലാണ് പുലികളി മഹോത്സവം. പുലികളി മഹോത്സവത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു.
ചെയര്‍മാനായി മേയര്‍ എം.കെ. വർഗീസിനെയും വര്‍ക്കിങ് ചെയര്‍മാനായി സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് പി.കെ. ഷാജനെയും ജനറല്‍ കണ്‍വീനറായി കൗണ്‍സിലര്‍ അനൂപ് ഡേവീസ് കാടയെയും കണ്‍വീനര്‍മാരായി ഡെപ്യൂട്ടി മേയര്‍ എം.എല്‍. റോസി, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ വര്‍ഗീസ് കണ്ടംകുളത്തി, ഷീബ ബാബു, സാറാമ്മാ റോബ്സണ്, ജോണ്‍ ഡാനിയേല്‍, ലാലി ജെയിംസ്, എന്‍.എ. ഗോപകുമാര്‍, ഡി.പി.സി.മെമ്പര്‍ സി.പി.പോളി, കൗണ്‍സിലര്‍മാരായ രാജന് ജെ.പല്ലന്, കരോളിന് പെരിഞ്ചേരി, വിനോദ് പൊള്ളഞ്ചേരി എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.