മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജ് ഡെർമറ്റോളജി വിഭാഗം പ്രഫസറും മേധാവിയുമായ ഡോ. എൻ. അശോകനും കോട്ടയം മെഡിക്കൽ കോളജിലേക്ക് പ്രഫസറും വകുപ്പു മേധാവിയുമായി സ്ഥാനക്കയറ്റം ലഭിച്ച് ഉത്തരവാദിത്തമേൽക്കുന്ന ഡോ. കെ. അജിത് കുമാറിനും ത്വഗ് രോഗ വിദഗ്ദ്ധരുടെ അഖിലേന്ത്യ സംഘടനയായ ഐ.എ.ഡി.വി.എല്ലിന്റെ (ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്സ്, വെനീറോളജിസ്റ്റ്സ് ആൻഡ് ലെപ്രോള ജിസ്റ്റ്സ്) ദേശീയ അവാർഡുകൾ ലഭിച്ചു.
ദക്ഷിണേന്ത്യയിലെ മികച്ച ത്വഗ് രോഗവിഭാഗ അധ്യാപകനായി തെരഞ്ഞെടുക്കപ്പെട്ടതിനുള്ള അവാർഡാണ് ഡോ. എൻ. അശോകന് ലഭിച്ചത്. അതേസമയം, മികച്ച ഗവേഷണ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഡോ. കെ. അജിത് കുമാറിന് അവാർഡ് ലഭ്യമായത്.
രാജ്യത്തെ പതിനയ്യായിരത്തോളം വരുന്ന ത്വഗ് രോഗ വിദഗ്ധരുടെ സംഘടനയാണ് ഐ.എ.ഡി.വി.എൽ. കഴിഞ്ഞ വർഷം മികച്ച ഗവേഷകനുള്ള ദേശീയ അവാർഡ് ലഭിച്ചത് ഡോ. എൻ. അശോകനായിരുന്നു. എയ്ഡ്സ് ചികിത്സാരംഗത്ത് മികച്ച ഗവേഷണ പ്രവർത്തനം നടത്തിയതിനാണ് ഡോ. കെ. അജിത് കുമാറിനെ അംഗീകാരം തേടിയെത്തിയത്. അഖിലേന്ത്യ ക്വിസ് മത്സരത്തിൽ ഡോ. അളക ജെ. മോഹൻ, ഡോ. ശിൽപ ജിതേന്ദ്രൻ എന്നിവർക്ക് ദേശീയ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളുമായി പൊരുതി അവസാനവട്ട മത്സരത്തിലാണ് തൃശൂർ മെഡിക്കൽ കോളജ് സ്തുത്യർഹമായ ഈ നേട്ടം കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.