തൃശൂർ: രണ്ടു വർഷത്തെ ഇടവേളക്കു ശേഷമെത്തിയ തൃശൂർ പൂരം ശരിക്കും മുതലാക്കാനായ സന്തോഷത്തിലാണ് കച്ചവടക്കാർ. മഴമൂലം വെടിക്കെട്ട് അടുത്ത ദിനത്തിലേക്കു മാറ്റിയത് ഒരുദിവസം കൂടി കൂടുതൽ കിട്ടിയ പ്രതീതിയാണ് സൃഷ്ടിച്ചത്. അവസരം മുതലെടുത്ത് പൊടിപൊടിച്ച കച്ചവടത്തിന്റെ ആഹ്ലാദത്തിലാണ് നാടോടികൾ അടക്കമുള്ള വഴിവാണിഭക്കാർ. വടി ബലൂൺ കച്ചവടമാണ് മുഖ്യം. ആരവങ്ങളിൽ ഉയർത്തിയും കഴുത്തിൽ അണിഞ്ഞും തലയിൽ ചുറ്റിയും വടി ബലൂൺ തന്നെയാണ് ഇപ്പോഴും താരം. ഇതര സംസ്ഥാനക്കാരാണ് മുഖ്യമായും ഇതിന്റെ കച്ചവടക്കാർ.
ബലൂണ്‍ വില്‍ക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ ഞാണിന്മേല് നടക്കുന്ന മധ്യവയസ്കര്‍ വരെ ഇവരുടെ സംഘത്തിലുണ്ട്. നാടോടിക്കൂട്ടത്തിന്റെ സർക്കസിനും കാണികൾ ഏറെയായിരുന്നു. സർക്കസ് മൈതാനിയിൽ കാണികള്‍ കൂടുമ്പോള്‍ നഗര സുരക്ഷക്കായി നിയോഗിച്ച പൊലീസുകാര്‍ ഇടപെടുന്നതും കാണാം.
പതിനായിരങ്ങള്‍ ഒഴുകിയെത്തുന്ന പൂരത്തെ അന്നത്തിനുള്ള വകയാക്കാൻ ഇതര സംസ്ഥാന കച്ചവടക്കാരാണ് കൂടുതലുമുള്ളത്. കുടുംബവുമായി കച്ചവടത്തിന് നേരത്തേ എത്തിയ സംഘങ്ങൾ വൈവിധ്യമാർന്ന സാധനങ്ങളാണ് വിൽപനക്ക് കൊണ്ടുവന്നിട്ടുള്ളത്. തെക്കേ ഗോപുരനടയുടെ ഭൂരിഭാഗവും കൈയടക്കിയിരിക്കുന്നത് ഇവരാണ്. സ്വരാജ് റൗണ്ടിലെ പ്രദക്ഷിണ വഴികളിലും റൗണ്ടിലേക്കുള്ള വഴികളിലും അടച്ചിട്ട വാണിജ്യ സ്ഥാപനങ്ങളുടെ മുന്നിലും മാല, വള അടക്കം സാധനങ്ങളും മഹാരാഷ്ട്രയിൽ നിന്നടക്കമുള്ള ഉടുപ്പും ഇതര വസ്ത്രങ്ങളും വിൽപനക്കുണ്ടായിരുന്നു. അതോടൊപ്പം രസകരമാണ് തേക്കിന്‍കാടിനു പുറത്തെ നടവഴിയില്‍ കൈനോട്ടക്കാരുടെ ബഹളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.