തൃശൂർ: മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്ച നടത്താൻ ദേവസ്വങ്ങളുടെ ധാരണ. വെള്ളിയാഴ്ച മഴയൊഴിയുന്ന സാഹചര്യം കണക്കാക്കി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഇന്ന് കലക്ടറെയും കമീഷണറെയും കണ്ട് വെടിക്കെട്ടുമായി ബന്ധപ്പെട്ട തീരുമാനം ദേവസ്വങ്ങൾ അറിയിക്കും. വ്യാഴാഴ്ച വൈകുന്നേരം ചേർന്ന ദേവസ്വങ്ങളുടെ സംയുക്ത യോഗത്തിലാണ് മഴയൊഴിഞ്ഞ സാഹചര്യത്തിൽ വെടിക്കെട്ട് ശനിയാഴ്ചയിലേക്ക് മാറ്റുന്നതിന് ആലോചിച്ചത്. നേരത്തെ വെള്ളിയാഴ്ച വരെയാണ് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുള്ളതായി പ്രവചിച്ചിരുന്നത്. കാലാവസ്ഥയും അവധിയും കണക്കിലെടുത്ത് ഞായറാഴ്ച നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്.
വെടിമരുന്നുകൾ തേക്കിൻകാട് മൈതാനിയിലെ മാഗസീനിൽ പൊലീസ് സുരക്ഷയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൂരം ഡ്യൂട്ടിക്കെത്തിയ പൊലീസുകാർ വെടിമരുന്ന് കാവലിലാണ്. ഞായറാഴ്ച അവധിയിൽ ശുചീകരണം കൂടി പരിഗണിച്ചാണ് ശനിയാഴ്ച വൈകീട്ട് പൊട്ടിക്കുന്നതിന് ആലോചിച്ചിരിക്കുന്നത്. വെള്ളിയാഴ്ച കലക്ടറും കമീഷണറുമായുള്ള ചർച്ചക്ക് ശേഷം തീരുമാനം അന്തിമമാക്കുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു. വെടിമരുന്ന് പുരക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബാരിക്കേഡ്, കാവൽ, പട്രോളിങ് എന്നിങ്ങനെ തിരിച്ചാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. വെടിക്കോപ്പ് നിർമാണ കേന്ദ്രത്തിൽ നിന്നും വെടിമരുന്നും സാമഗ്രികളും പൂരപ്പറമ്പിലെ ദേവസ്വങ്ങളുടെ മാഗസീനുകളിൽ എത്തിച്ചതിനാൽ തിരിച്ചു കൊണ്ടു പോവാൻ കഴിയില്ല. മാത്രവുമല്ല, സ്ഫോടകവസ്തുവായതിനാൽ മറ്റ് ദുരുപയോഗ സാധ്യതയും ആശങ്കയുണ്ടാക്കുന്നതാണ്. ഇതാണ് സൂരക്ഷ കൂട്ടാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.