തൃശൂർ: അതിദാരിദ്ര്യ നിർമാർജന ഉപപദ്ധതിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സംഭാവനകൾ നിക്ഷേപിക്കാനും വിനിയോഗിക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നോഡൽ ഓഫിസറുടെ പേരിൽ പ്രത്യേക അക്കൗണ്ട് തുറക്കാൻ നിർദേശം. വെള്ളിയാഴ്ച വകുപ്പ് ഇറക്കിയ മാർഗരേഖയിലാണ് നിർദേശമുള്ളത്. അതിദാരിദ്ര കുടുംബങ്ങൾക്കായി പ്രത്യേക പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തന കലണ്ടറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശിൽപശാലയും പരിശീലനവും പൂർത്തിയാക്കി തദ്ദേശ സ്ഥാപനങ്ങളുടെ ജില്ലതല പദ്ധതി ക്രോഡീകരണം ആഗസ്റ്റ് 31നകം പൂർത്തിയാക്കാനാണ് നിർദേശം. അടിയന്തര സാഹചര്യം മുൻനിർത്തി പദ്ധതി നിർവഹണത്തിനായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷനുകൾ എന്നിവ യാഥാക്രമം അഞ്ചുലക്ഷം, പത്തുലക്ഷം, 15 ലക്ഷം എന്നിങ്ങനെ പൊതുവിഭാഗം വികസന ഫണ്ടിൽനിന്ന് വകയിരുത്തണം. ബ്ലോക്ക്, ജില്ല പഞ്ചായത്തുകളും വിഹിതം നൽകണം.
അധിക വിഭവ സമാഹരണത്തിന് പ്രദേശത്തെ കോർപറേറ്റ് സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകളുടെയും മറ്റ് ബാങ്കുകളുടെയും പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനകൾ, പ്രവാസി സംഘടനകൾ, സന്നദ്ധ സംഘടനകൾ, സന്മനസ്സുള്ള വ്യക്തികൾ തുടങ്ങിയവരുടെ യോഗം തദ്ദേശ സ്ഥാപന തലത്തിൽ വിളിച്ചുചേർക്കണം.
മാത്രമല്ല സന്നദ്ധ സംഘടനകൾ, ചാരിറ്റി-പാലിയേറ്റിവ് സംഘടന പ്രവർത്തകർ, വാതിൽപ്പടി സേവനം നൽകുന്നവർ, കുടുംബശ്രീ സന്നദ്ധ പ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവരുടെ യോഗവും സംഘടിപ്പിക്കണം. പ്രവർത്തനങ്ങൾക്ക് പ്രധാന പിന്തുണ നൽകേണ്ടത് കുടുംബശ്രീയാണെന്ന് മാർഗരേഖ നിർദേശിക്കുന്നു. ജനപ്രതിനിധികളുടെ ജില്ലതല ശിൽപശാല ഈ മാസം 20നകം പൂർത്തിയാക്കണം.
തദ്ദേശസ്ഥാപനതല പദ്ധതി ക്രോഡീകരണം ആഗസ്റ്റ് 20നകം പൂർത്തിയാക്കണം. തദ്ദേശ ഭരണസമിതികൾ രണ്ടുവർഷം കൂടുമ്പോൾ സോഷ്യൽ ഓഡിറ്റ് സമിതിയെ നിയോഗിക്കണമെന്നും മാർഗരേഖയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.