തൃശൂർ: ഒരു റേഡിയോ വാങ്ങണമെന്ന ആഗ്രഹത്തിൽ എട്ടാം വയസ്സിൽ ചില്ലറത്തുട്ടുകൾ ശേഖരിച്ച തൃശൂർ കുണ്ടുവാറ കരിമ്പിലപ്പറമ്പിൽ രാജേന്ദ്രന് അത് സ്വന്തമാക്കാൻ വർഷങ്ങളെടുത്തു. കൈയിലെത്തിയപ്പോൾ തുടങ്ങിയ റേഡിയോ ഭ്രമം നാല് പതിറ്റാണ്ടിനിപ്പുറം തുടരുമ്പോൾ വീടിന്‍റെ അകത്തളത്ത് നിറഞ്ഞത് 310 റേഡിയോകൾ.
റേഡിയോ ചരിത്രത്തിലെ മുതുമുത്തച്ഛൻമാർ മുതൽ യുവതലമുറയിലെ എഫ്.എം റേഡിയോ വരെ ഉണ്ട് ശേഖരത്തിൽ. തൊട്ടപ്പുറത്തെ വീട്ടിൽ നിന്നുയർന്ന റേഡിയോ ശബ്ദത്തിലേക്ക് ചെവിയോർത്ത് കിടന്ന ദിവസങ്ങളാണ് 15 രൂപക്ക് സെക്കൻഡ് ഹാൻഡ് റേഡിയോ കിട്ടിയപ്പോൾ പഴങ്കഥയായത്. രണ്ടാം ക്ലാസിലോ മൂന്നാം ക്ലാസിലോ ആയിരുന്നു രാജേന്ദ്രൻ. പാട്ടുകൾക്ക് മാധുര്യം പോരാന്ന് തുടങ്ങിയപ്പോൾ അടുത്ത റേഡിയോ സ്വന്തമാക്കി. പിന്നീട് റേഡിയോ കണ്ടാൽ കണ്ണുടക്കുക പതിവായി. കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന രാജേന്ദ്രൻ സമ്പാദ്യമെല്ലാം കൂട്ടിവെച്ച് റേഡിയോകൾ വാങ്ങിക്കൊണ്ടേയിരിക്കുന്നു.
സ്വന്തമാക്കിയവയിൽ ഏറെയും സെക്കൻഡ് ഹാൻഡ് റേഡിയോകളാണ്. 40 കമ്പനികൾ ഇറക്കിയ റേഡിയോകൾ ശേഖരത്തിലുണ്ട്. അതിൽ കൂടുതൽ റേഡിയോകൾ ഫിലിപ്സിന്‍റേതാണ്. ഫിലിപ്സിന്‍റെ മാത്രമായി 57 മോഡലുകളുണ്ട്. പിന്നീട് കൂടുതൽ മോഡലുകൾ ഉള്ളത് പാനസോണിക്കിന്‍റെതാണ്. തീപ്പെട്ടിയുടെ വലിപ്പമുള്ള ഇത്തിരിക്കുഞ്ഞൻ റേഡിയോകൾ മുതൽ 20 കിലോ തൂക്കമുള്ള വമ്പൻ വരെ രാജേന്ദ്രന്‍റെ ഷെൽഫിൽ ഇടംപിടിക്കുന്നു. വീടിന്‍റെ ടെറസിൽ പ്രത്യേകം പണിത മുറിയിലാണ് റേഡിയോകൾ സൂക്ഷിച്ചിട്ടുള്ളത്.
ഏറ്റവും പഴക്കമുള്ള റേഡിയോ 1956 മോഡലാണ്. 50 രൂപ മുതൽ 3000 രൂപ വരെ നൽകി വാങ്ങിയ റേഡിയോകളുണ്ട്. ഇതിനകം രണ്ടര ലക്ഷം രൂപ റേഡിയോ വാങ്ങാനായി ചെലവാക്കിയിട്ടുണ്ടെന്ന് രാജേന്ദ്രൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.