അതിരപ്പിള്ളി: മഴ പെയ്തപ്പോഴേക്കും ടൂറിസം കേന്ദ്രങ്ങൾ അടക്കാനുള്ള കലക്ടറുടെ ഉത്തരവിനെതിരെ അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിൽ വ്യാപക ആശങ്ക. ജില്ല ടൂറിസം ഡിപ്പാർട്മെൻറിനു കീഴിലുള്ള തുമ്പൂർമുഴി ഉദ്യാനം തിങ്കളാഴ്ച ഉച്ചയോടെ അടച്ചതാണ് മേഖലയിൽ മ്ലാനത പരത്തിയത്.
തുടർന്ന് അതിരപ്പിള്ളി, വാഴച്ചാൽ ടൂറിസം കേന്ദ്രങ്ങൾ അടക്കേണ്ടിവരുമോയെന്നതാണ് മേഖലയിലെ ആശങ്കക്ക് കാരണം. എന്നാൽ, വനം വകുപ്പിന് കീഴിലുള്ള അതിരപ്പിള്ളിയും വാഴച്ചാലും അടക്കാൻ ഇതുവരെയും ഉത്തരവ് വന്നിട്ടില്ല.
തിങ്കളാഴ്ച ഈ പ്രദേശങ്ങളിൽ കാര്യമായി മഴ പെയ്തിട്ടില്ല. പുഴയിൽ വെള്ളം ഉയർന്നിട്ടില്ല.
അതിരപ്പിള്ളി, വാഴച്ചാൽ അടച്ചിടേണ്ടിവന്നാൽ ടൂറിസം മേഖലയെ ആശ്രയിച്ചു ഉപജീവനം കഴിക്കുന്ന നിരവധി പേർക്ക് ദുരിതം തീർക്കുമെന്നാണ് പരാതി. ഒരു മുന്നറിയിപ്പും കൂടാതെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ ഉത്തരവിട്ടത്. കലക്ടറുടെ ഉത്തരവിനെപ്പറ്റിയുള്ള വിവരം അറിഞ്ഞതോടെ നല്ലൊരു സീസൺ പ്രതീക്ഷിച്ച വ്യാപാരികളും റിസോർട്ട് ഉടമകളും സഞ്ചാരികളും നിരാശയിലാണ്. വിവരമറിഞ്ഞ് റിസോർട്ടുകളിൽ നേരത്തേ റൂം ബുക്ക് ചെയ്തവർ റദ്ദാക്കുകയാണ്.
അതിരപ്പിള്ളിയിലെ ഏറ്റവും പ്രധാനപ്പെട്ട സീസണാണ് ഇപ്പോൾ. കോവിഡിനെ തുടർന്ന് തകർന്നടിഞ്ഞ ടൂറിസം മേഖല പതുക്കെ ഉണർന്നുവരുന്നതേയുള്ളൂ. പുഴയിൽ വെള്ളമില്ലാത്തതിനാൽ ഈയിടെ ശോഷിച്ചുപോയിരുന്നു. പുഴയിൽ വെള്ളമെത്തി വാഴച്ചാലും അതിരപ്പിള്ളിയും തെളിഞ്ഞുവരുന്നതേയുള്ളൂ.
അതിനിടയിൽ അതിരപ്പിള്ളി മേഖലയിൽ ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന നിരവധി പേർക്ക് ദുരിതം തീർക്കുന്ന കടുത്ത തീരുമാനത്തിലേക്ക് പോകരുതെന്ന് അതിരപ്പിള്ളി റിസോർട്സ് അസോസിയേഷൻ പ്രസിഡൻറ് എ.ജി. മുരളീധരൻ അധികാരികളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.